എസ്എഫ്ഐ മാർച്ചുകൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ
.
അവകാശ പത്രിക സമർപ്പണ മാർച്ചിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ രാജ്യവ്യാപക പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നു. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് നടക്കുന്നത്.

പല ജില്ലകളിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറില്ലെന്ന നിലപാടിൽ തന്നെയാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, എൻടിഎ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നത് വലിയ തോതിലുള്ള തട്ടിപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പറഞ്ഞു. 25 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിമിനൽ കുറ്റങ്ങളാണ് അരങ്ങേറുന്നതെന്നും, കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തുന്ന ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




