KOYILANDY DIARY.COM

The Perfect News Portal

ബിജുവിൻ്റെ മരണം: പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

.

കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിൻ്റെ മരണത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ ഉള്ളതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ലഹരി സംഘത്തിന് പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്.

 

ആരോപണം സാധൂകരിക്കുന്ന ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. പാളയം മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ ആണ് ബിജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജുവിന്റെ വീടിന് സമീപം ലഹരി സംഘങ്ങൾ സജീവമായിരുന്നുവെന്നും, ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് കൊലപാതക കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു.

 

എന്നാൽ ഈ ആരോപണം പൂർണമായും തള്ളുകയാണ് പൊലീസ്. തൂഫാനുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിജു കൈമാറിയിട്ടില്ലെന്നും, ഇതുവരെയുള്ള അന്വേഷണത്തിൽ ലഹരി സംഘത്തിന്റെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ബിജുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ.

 

കഴുത്തിലേറ്റ പതിനെട്ട് മുറിവുകൾ അടക്കം ശരീരമാസകലം 45 മുറിവുകളാണ് ഉള്ളത്. കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ബിജുവിന്റെ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് ടൌണ്‍ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

 

Share news
error: Content is protected !!