“പ്രചോദക വാർദ്ധക്യം” അനുഭവങ്ങളും സംഗീതവും ഒരുമിക്കുന്ന പ്രത്യേക വേദി
.
കൊയിലാണ്ടി നഗരസഭ, സറീന ട്രസ്റ്റ് കോഴിക്കോട്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “പ്രചോദക വാർദ്ധക്യം” പരിപാടി 2026 ജൂൺ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 3:00 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നു. വാർദ്ധക്യകാലത്തും സമൂഹത്തിനൊപ്പം സജീവമായി പ്രവർത്തിച്ച് മാതൃകയായ ജീവിതം നയിക്കുന്ന കൊയിലാണ്ടി നഗരസഭ പരിധിയിലെ തെരഞ്ഞെടുത്ത 10 അധ്യാപകരെ കണ്ടെത്തി.

അവരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ സമൂഹവുമായി പങ്കുവെക്കുന്നതിനും പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി ഡോ. പ്രഭാകരൻ പി. എം അവതരിപ്പിക്കുന്ന “പാഠപുസ്തകങ്ങൾക്കപ്പുറം” എന്ന മോട്ടിവേഷണൽ സെഷനിൽ, ഈ അധ്യാപകരുടെ ജീവിതാനുഭവങ്ങൾ യഥാർത്ഥ ഉദാഹരണങ്ങളായി അവതരിപ്പിക്കപ്പെടുകയും, അവരെ വേദിയിൽ ആദരിക്കുകയും ചെയ്യും.
ജീവിതപാഠങ്ങൾ നേരിട്ട് അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള അവസരമാണ് ഇത്.

പരിപാടി വൈകിട്ട് 3:00 മണിക്ക് രജിസ്ട്രേഷനും സ്വാഗതവും ആരംഭിക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 4:15 ന് നടക്കുന്ന ഔദ്യോഗിക സമ്മേളനത്തിൽ സറീന ട്രസ്റ്റ് ചെയർമാൻ പി.പി. സുധാകരൻ അധ്യക്ഷത വഹിക്കും. നഗരസഭ എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കെ.എം ആശംസകൾ നേരും. തുടർന്ന് വൈകിട്ട് 5:00 മണിക്ക് സംഗീതമേ ജീവിതം ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന “സന്ധ്യാതാരകേ…” സംഗീത ബോധവൽക്കരണ പരിപാടി അരങ്ങേറും.

സംഗീതത്തിന്റെ മാധുര്യവും പ്രചോദനാത്മകമായ ചിന്തകളും സമന്വയിക്കുന്ന ഈ സംഗീതസന്ധ്യ പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമാകും. പുതിയ തലമുറയ്ക്ക് നേതൃത്വം, ഉത്തരവാദിത്വം, സംഘാടകക്ഷമത തുടങ്ങിയ ജീവിതകൗശലങ്ങൾ കൈവരിക്കുന്നതിനായി എഡ്യൂടെക് കൊയിലാണ്ടി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും ഈ പരിപാടിയുടെ സംഘാടനത്തിൽ സജീവ പങ്കാളിത്തം നൽകുന്നതായും സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് പൊതുജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഡോ. പി. എം. പ്രഭാകരൻ, എം.ജി. ബൽരാജ്, സി.കെ. ശ്രീത എന്നിവർ പങ്കെടുത്തു.



