KOYILANDY DIARY.COM

The Perfect News Portal

അമ്പൂരി രാഖി കൊലക്കേസ്: ശിക്ഷാ വിധി ഇന്ന്

അമ്പൂരി രാഖി കൊലക്കേസ്: ശിക്ഷാ വിധി ഇന്ന്. അമ്പൂരി തട്ടാംമുക്ക് സ്വദേശി സൈനികനായ അഖില്‍, ജ്യേഷ്ഠ സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസില്‍ 1500-ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 115 സാക്ഷികളുമുണ്ടായിരുന്നു.

കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍പോയി തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിൻ്റെ കുറ്റപത്രം.

2019 ജൂണ്‍ 21-ന് അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍ വെച്ചാണ് രാഖിയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിന്റെ പിറകില്‍ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നു. രാഖിയെ കാണാനില്ലെന്ന് അച്ഛന്‍ രാജന്‍ പൂവാര്‍ പൊലീസിന് നല്‍കിയ പരാതിയാണ് അന്വേഷണം ആരംഭിച്ചത്.

രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 2019 ജൂലൈ 24-ന് മൂന്നാം പ്രതി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 25-ന് രാഹുലിനെയും 29-ന് അഖിലിനെയും പൊലീസ് പിടികൂടി. ദിവസങ്ങള്‍ നീണ്ട തെളിവെടുപ്പിന് ശേഷമാണ് നിര്‍ണായക തെളിവുകളായ രാഖിയുടെ വസ്ത്രം, ബാഗ്, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ കഴിഞ്ഞത്.

Share news
error: Content is protected !!