KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

.

പത്തനംതിട്ട: ശബരിമലയില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കിരീടം സ്‌ട്രോങ് റൂമില്‍ തന്നെയുണ്ടെന്ന് കാട്ടി തിരുവാഭരണം കമ്മീഷന്‍ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം കിരീടം നേരില്‍ കണ്ട് ബോധ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ന് രാവിലെയായിരുന്നു ശബരിമലയില്‍ സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന കിരീടം കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നത്.

 

സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ ഇല്ലെങ്കില്‍ ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ കിരീടം ഉണ്ടാകുമെന്നായിരുന്നു ഇതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാര്‍ പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ ഭക്തന്‍ സമര്‍പ്പിച്ച കിരീടം കാണാനില്ലെന്ന വിവരം പുറത്തുവന്നതോടെ തിരുവാഭരണം കമ്മീഷണറില്‍ നിന്ന് ബോര്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശബരിമല സ്വര്‍ണ്ണകൊള്ള കേസിന് പിന്നാലെയാണ് ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

 

തമിഴ്‌നാട്ടിലെ ഭക്തന്‍ സമര്‍പ്പിച്ച 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാനില്ലെന്ന് ആയിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ കിരീടം എങ്ങും പോയിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. യഥാര്‍ത്ഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവും സ്‌ട്രോങ് റൂമിലുണ്ട് എന്നാണ് തിരുവാഭരണം കമ്മീഷണര്‍ നല്‍കിയ പ്രാഥമിക വിശദീകരണം. കിരീടം പോയെന്ന വാര്‍ത്ത ദേവസ്വം മന്ത്രിയും നിഷേധിച്ചിരുന്നു. അതേസമയം ജസ്റ്റിസ് കെ ടി ശങ്കരന്റെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണെന്നാണ് വിവരം. പരിശോധനയില്‍ ചില വസ്തുക്കളില്‍ ക്രമക്കേട് കണ്ടെത്തിയെന്നും വിവരമുണ്ട്.

 

Share news