ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ: കോഴിക്കോട് ജില്ലയിൽ 77.5 ശതമാനം വിജയം
.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാക്ഷരതാ മിഷൻ മുഖേന മുതിർന്ന പഠിതാക്കൾക്കായി നടത്തിയ ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ 2026-ൽ കോഴിക്കോട് ജില്ലയിൽ 77.5 ശതമാനം വിജയം. പരീക്ഷ എഴുതിയ 710 പേരിൽ 554 പേർ വിജയിച്ചു. വിജയികളിൽ 46 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും നാല് പേർ ഭിന്നശേഷിക്കാരുമാണ്. ജില്ലയിലെ 17 ഹയർസെക്കണ്ടറി സ്കൂളുകളിലായി എല്ലാ ഞായറാഴ്ചകളിലും മുതിർന്ന പഠിതാക്കൾക്ക് ക്ലാസുകൾ നൽകിയിരുന്നു. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലാണ് പഠനം നടത്തിയത്.

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിജയികളിൽ കല്ലാച്ചി ജി എച്ച് എസ് എസ്സിൽ പഠിച്ച 73 വയസ്സുകാരിയായ ലീല, കൊയിലാണ്ടി ജി എച്ച് എസ് എസ്സിൽ പഠിച്ച അരിക്കുളം സ്വദേശി 73 വയസ്സുകാരനായ അപ്പു നായർ, നീലേശ്വരം ജി എച്ച് എസ് എസ്സിൽ പഠിച്ച 71 വയസ്സുകാരനായ ചന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു. മൂന്നുപേരും മികച്ച ഗ്രേഡോടെയാണ് വിജയിച്ചത്.

സ്കൂളിൽ പോയി പഠിക്കേണ്ട പ്രായത്തിൽ വിദ്യാഭ്യാസം മുടങ്ങിയിട്ടും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഹയർസെക്കണ്ടറി തുല്യതാ പഠനം നടത്തി വിജയം നേടിയ മുഴുവൻ പഠിതാക്കളെയും ജില്ലാ സാക്ഷരതാ മിഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മില്ലി മോഹനും ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി. എൻ. ബാബുവും അഭിനന്ദിച്ചു.
വിജയികൾക്കുള്ള ജില്ലാതല അനുമോദന ചടങ്ങ് സെപ്റ്റംബർ 30ന് രാവിലെ 10 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തുടർന്ന് വിജയികൾക്ക് ഡിഗ്രി ഉൾപ്പെടെയുള്ള തുടർപഠനത്തിനായി ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ നേതൃത്വത്തിൽ തുടർപഠന ക്ലാസുകളും സംഘടിപ്പിക്കും.



