KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വ്യാപക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും, ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിടിക്കപ്പെട്ടാൽ സ്ഥാപനത്തിൻ്റെ ലൈസന്‍സ് റദ്ദാക്കുകയും ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നുണ്ട്. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടാകും. ഓരോ പരാതിയിന്മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.