കല്ലുപ്പാണോ പൊടിയുപ്പാണോ ഉപയോഗിക്കുന്നത്; അറിയാം ഈ കാര്യങ്ങൾ
.
വീട്ടിലുണ്ടാക്കുന്ന ചെറിയ വിഭവങ്ങൾ മുതൽ വലിയ ആഘോഷങ്ങൾക്ക് ഒരുക്കുന്ന വിഭവങ്ങൾക്ക് വരെ ഉപ്പ് അവിഭാജ്യഘടകമാണ്. അതേസമയം, ഉപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ദർ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ജേണൽ ഓഫ് നെഫ്രോളജിയിലാണ് ഉപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്.

ചിലർ കല്ലുപ്പ് ഉപയോഗിക്കുമ്പോൾ, മറ്റു ചിലർ പൊടിയുപ്പാണ് ഉപയോഗിക്കുന്നത്. കല്ലുപ്പ് ആരോഗ്യകരമാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. പക്ഷേ അത് എല്ലാവർക്കും അനുയോജ്യമല്ലായിരിക്കാം. ചില ആരോഗ്യ സാഹചര്യങ്ങളിൽ കല്ലുപ്പ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കല്ലുപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കും.

രക്തസമ്മർദ്ദം നിയന്ത്രണത്തിലല്ലാത്ത ആളുകൾ അമിതമായി കല്ലുപ്പ് കഴിക്കുന്നത് ഹൃദയത്തിന് അധിക സമ്മർദ്ദം ചെലുത്തുകയും ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കല്ലുപ്പ് അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ വൃക്കകളിൽ അധിക സമ്മർദ്ദം ചെലുത്തും.

സാധാരണ ഒരു ടേബിൾ ഉപ്പിൽ പലപ്പോഴും അയോഡിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ശരിയായ തൈറോയ്ഡ് പ്രവർത്തനത്തിന് ആവശ്യമാണ്. കല്ലുപ്പിൽ വളരെ കുറച്ച് അയോഡിൻ മാത്രമാണ് അടങ്ങിയിരിക്കുന്നത്. ആരോഗ്യവിദഗ്ദരുമായി കൂടിക്കാഴ്ച നടത്തി ഉപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കണമെന്നും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.



