ദേശീയപാത 66 – കൊയിലാണ്ടിയിൽ എൻട്രൻസും – എക്സിറ്റും അനുവദിക്കുക: നാളെ ബഹുജന ധർണ്ണ
കൊയിലാണ്ടി: ദേശീയപാത 66 – കൊയിലാണ്ടിയിൽ എൻട്രൻസും – എക്സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ 21ന് ബുധനാഴ്ച ബഹുജന ധർണ്ണ സംഘടിപ്പിക്കുന്നു. വിയ്യൂർ – പന്തലായനി റോഡിൽ അണ്ടർപ്പാസ് അനുവദിക്കണമെന്നും, ദേശീയപാത പ്രവൃത്തി കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 4.30ന് താമരശ്ശേരി റോഡിലെ ടോൾ ബൂത്ത് കേന്ദ്രീകരിച്ച് കോമത്തുകരയിലേക്ക് പ്രകടനമായെത്തിയാണ് ധർണ്ണ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൽജി ലിജീഷ്, ടി.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ സജീഷ് സമരം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മാസം കോമത്തുകര ഭാഗത്തെ എക്സിറ്റിനും എൻട്രൻസിനും നിർദ്ദേശിച്ച സ്ഥലം അധികൃതർ കോൺഗ്രീറ്റ് ബിത്തികൊണ്ട് അടയ്ക്കാൻ നടത്തിയശ്രമം സിപിഐഎം നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് അദാനിയുടെ ഓഫീസിലും ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിലുമെത്തി സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച നടത്തുകയുണ്ടായി. അതേ തുടർന്ന് ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ മാസം 10-ാം തിയ്യതി കൊയിലാണ്ടിയിലെത്തി ഡ്രോൺ നിരീക്ഷണത്തിലൂടെ സ്ഥലം നിർണ്ണയിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ദിവസങ്ങളേറെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ അവഗണനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് സിപിഐഎം നേതൃത്വത്തിൽ സമരം ഏറ്റെടുത്തത്.

നാളെ നടക്കുന്ന ധർണ്ണ സമരം സൂചന മാത്രമാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായിട്ടില്ലെങ്കിൽ നിർമ്മാണ പ്രവൃത്തി തടഞ്ഞു കൊണ്ട് മേഖലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.




