യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുമ്പ് പ്രഖ്യാപിക്കും
.
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുമ്പ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂർത്തിയായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുൻപായി വീര്യം കൂടിയ വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സർക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു.

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്. ബാറുകളുടെ പ്രവർത്തന രീതി സമയക്രമം, ഐടി പാർക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് യുഡിഎഫ് യോഗത്തിലും ചർച്ചചെയ്തതിനു ശേഷം ആയിരിക്കും പ്രഖ്യാപനം.

അതേസമയം, ഹോർട്ടി വൈൻ വിൽക്കുന്നതിന് അനുമതി നൽകിയ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച പറ്റിയെന്നാണ് എക്സൈസ് കമ്മീഷറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയത് എന്നാണ് മാറ്റി നിർത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിന്റെ വിശദീകരണം. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് ദിവസങ്ങൾക്കകം ഫയൽ നീക്കം വേഗത്തിൽ ആയത് എങ്ങനെയെന്നതിൽ അന്വേഷണം ഉണ്ടാകും.




