കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം നൽകുന്ന സ്കോളർഷിപ്പ് പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കില്ലെന്ന് മന്ത്രി റോജി എം ജോൺ
.
കോളേജ് വിദ്യാർത്ഥിനികളേയും പറഞ്ഞ് പറ്റിച്ച് യുഡിഎഫ് സർക്കാർ. കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഈ വർഷം പദ്ധതിക്കായി മാറ്റി വെച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. ഇത് സംബന്ധിച്ച് നിയമസഭയിൽ മന്ത്രി റോജി എം ജോൺ മറുപടി നൽകിയിരുന്നു.

പദ്ധതി ഈ വർഷം നടപ്പിലാക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴ്വാക്കാകുകയാണ്. കോളേജ് വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ പ്രതിമാസം നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ വാഗ്ദാനമാണ് കാറ്റിൽ പറത്തിയിരിക്കുന്നത്. പദ്ധതി ആവിഷ്കരണത്തിന്റെ പ്രാഥമികഘട്ട നടപടിക്രമങ്ങളും മന്ദഗതിയിലാണ്.




