KOYILANDY DIARY

The Perfect News Portal

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്ത്

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്ത്. മിനിമം ടിക്കറ്റ് നിരക്ക് ഭക്ഷണമടക്കം 1400 രൂപയും, എക്സിക്യൂട്ടീവ് കോച്ചുകളിൽ ടിക്കറ്റ് നിരക്ക് 2400 രൂപയുമാണ്. വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്ക് എത്രയായിരിക്കും എന്ന അനുമാനങ്ങൾ‌ക്കെല്ലാം വിരാമമിട്ടാണ് ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് നരേന്ദ്രമോദി 25 ന് തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

രാവിലെ 5.30നാണ് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരത് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് കണ്ണൂരെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 9.30ന് തിരുവനന്തപുരത്ത് എത്തും. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്കാണ് ഭക്ഷണം സഹിതം 1400 രൂപ. എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം 2400 രൂപയാണ് നിരക്ക്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കൊച്ചാണ് വന്ദേഭാരതിൽ ഉണ്ടാകുക.

മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 25ന് ശേഷം യാത്രക്കാർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിശദമായ ഷെഡ്യൂർ റെയിൽവെ ഉടൻ പുറത്തിറക്കും. കഴിഞ്ഞ ദിവസത്തെ പരീക്ഷണ ഓട്ടത്തിനിടെ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്. എട്ടു ലോക്കോ പൈലറ്റുമാരാണ് ആദ്യ പരീക്ഷണത്തില്‍ വന്ദേഭാരത് ഓടിച്ചിരുന്നത്.

Advertisements