KOYILANDY DIARY

The Perfect News Portal

അറബിക്ക് നൽകാനെന്ന പേരിൽ സ്വർണ്ണ നാണയം കവർന്ന തട്ടിപ്പുവീരൻ തിക്കോടി സ്വദേശി

അറബിക്ക് നൽകാനെന്ന പേരിൽ സ്വർണ്ണ നാണയം കവർന്ന തട്ടിപ്പുവീരൻ തിക്കോടി സ്വദേശി. തിക്കോടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണ നാണയം കവർന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

വിഴിഞ്ഞത്തെ ആദം ഗോൾഡ് ജ്വല്ലറിയിൽ നിന്ന് 5  സ്വർണനാണയങ്ങളുമായെത്തിയ സെയിൽസ്മാന്മാരെ കബളിപ്പിച്ച് പ്രതി നാണയവുമായി കടന്നു കളയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ഇയാൾ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം തൃശ്ശൂരിലെ ജ്വല്ലറിയിൽ നിന്ന് സ്വർണനാണയങ്ങൾ തട്ടിയെടുത്ത കേസിൽ റാഹീൽ അറസ്റ്റിലായിരുന്നു. മ്യൂസിയം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂരിൽ വലിയ കമ്പനിയുടെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി ഏഴ് പവൻ സ്വർണ നാണയങ്ങളാണ് കവർന്നത്. കോഴിക്കോട് ഹോട്ടലിൽ താമസിച്ച് 50,000 രൂപയും വാച്ചും കവർന്നു. വൈറ്റിലയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 10 ലക്ഷം രൂപയുടെ ഐഫോൺ തട്ടിയെടുത്തു. ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് 85,000 രൂപ തട്ടിയെടുത്തു. തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.
Advertisements
സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് തങ്ങി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. തട്ടിയെടുത്ത പണവുമായി മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആഢംബര ജീവിതം നയിക്കുകയാണ് റാഹീലിൻ്റെ പതിവ്. കഴിഞ്ഞ വർഷം തട്ടിച്ചെടുത്ത വസ്തുക്കൾ വിറ്റ 6 ലക്ഷം രൂപ രണ്ട് മാസം കൊണ്ട് ചെലവാക്കി. വില കൂടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. നിരവധി തവണ വിമാന യാത്രകളും നടത്തിയിട്ടുണ്ട്.