KOYILANDY DIARY

The Perfect News Portal

ധാർമ്മികിൻ്റെ ചികിത്സക്കായി നാട് വീണ്ടും കൈകോർക്കുന്നു..

ധാർമ്മികിൻ്റെ ചികിത്സക്കായി നാട് വീണ്ടും കൈകോർക്കുന്നു..  ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിൻ്റെ നിലവിലെ ആരോഗ്യ അവസ്ഥയും നിർദ്ദിഷ്ട തുടർ ചികിൽസാ നടപടികളെ സംബന്ധിച്ചും കമ്മറ്റി ഭാരവാഹികൾ ഡോക്ടറുമായി വിശദമായി സംസാരിച്ചു. ധാർമ്മികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഏതാണ്ട് 75 ലക്ഷത്തിനു മുകളിൽ പണം കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഏതാണ്ട് 35 ലക്ഷം രൂപ ഇതിനകം സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരച്ചെടുത്തതായി കൺവീനർ ആർ. കെ. അനിൽകുമാർ പറഞ്ഞു.
ധാർമികിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വളരെ പ്രധാനവും ഗൗരവമുള്ളതുമായ ചില കാര്യങ്ങൾ വീണ്ടും നാട്ടുകാരുടെ അറിവിലേക്കായി കൊണ്ടുവരുന്നതിനായി പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്. ധാർമിക് നെ ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഡോ. എം. ആർ. കേശവന്റെ കീഴിൽ ചികിത്സയിലാണ്.
 ഡോ. എം. ആർ. കേശവൻ, പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ്. ചെന്നൈ അപ്പോളാ ആശുപത്രിയിൽ നിന്ന് Bone marrow transplant ൽ ഫെലോഷിപ്പ് നേടുകയും, കുട്ടികളുടെ രക്താർബുദത്തിന് അനേകം മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുക്കയും ചെയ്തയാളാണ്.
 High-risk B-Acute Lympoblastic Leukemia (ALL) ഇനത്തിൽപ്പെട്ട അതീവ ഗുരുതരമായ രക്താർബുദമാണ് കുട്ടിയുടെത്. രക്തകോശങ്ങൾക്കും മജ്ജയക്കു ബാധിച്ച ക്യാൻസർ രോഗമാണിത്. 65% രക്തകോശങ്ങളും blast നിലയിലാണ്. പ്രതിരോധശേഷി തീരെ നഷ്ടപ്പെട്ട ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സീറോ ലെവലിലേക്കു താഴ്ന്നു പോകുന്ന കൗണ്ട് ലെവൽ ഉയർത്തി കൊണ്ടു വരികയും, അതു കഴിഞ്ഞ് Bone marrow transplantation ഉം stem cell transplantation ഉം ചെയ്യുകയാണ് ചികിൽസാ വിധി.
ഡോക്ടറുടെ കർശനമായ നിരീക്ഷണത്തിൽ, സമയബന്ധിതമായ ചികിൽസാക്രമത്തിലൂടെ  കുട്ടിയുടെ രോഗം ഭേദമാക്കാമെന്നു തന്നെയാണ് ഡോകടറുടെ ഉറച്ച അഭിപ്രായം.
ആദ്യം ഘട്ടം Flag Salvage chemotherapy (2 കോഴ്സ്) യും അതു കഴിഞ്ഞ് ഇമ്യൂണോ തെറാപ്പിയും (2 കോഴ്സ് ) ചെയ്ത് കുട്ടിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് ഉടൻ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് കടക്കുകയാണ് വേണ്ടത്. ഇമ്മ്യൂണോ തെറാപ്പി വരെയുള്ള ഘട്ടം 2-3 മാസം വരെയും, ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞുള്ള 9 മാസവും നീണ്ടു നിൽക്കുന്ന ചികിൽസയും പരിചരണവും നിർബന്ധമാണ്. ഈ കാലയളവിൽ  ആശുപത്രിയിലും തൊട്ടടുത്തുമായി തന്നെ തങ്ങേണ്ടത് നിർബന്ധവുമാണ്.
Translation ന് മുമ്പുള്ള രണ്ടു ഘട്ടം തെറാപ്പികളുടെ മരുന്ന് ഇന്ത്യയിൽ ലഭ്യമല്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ ലൈസൻസുള്ള ഏജൻസിയുമായി രോഗിയുടെ രക്ഷിതാക്കൾ നേരിട്ട് ബന്ധപ്പെട്ട് പണമടച്ച് ഏർപ്പാട് ചെയ്യേണ്ടതുണ്ട്. ഇതിനു മാത്രം 45 ലക്ഷം രൂപയോളം ചെലവു വരും.
ഇതു കൂടാതെ Transplantation ഉം അതിന് മുമ്പും ശേഷവും ഉള്ള ചികിൽസാ ചെലവുകളും ഉൾപ്പെടെ ആകെ മൊത്തം പ്രതീക്ഷിത ചെലവ് 70-75 ലക്ഷം രൂപ കണക്കാക്കുന്നു..
ചികിൽസാ കമ്മറ്റിയുടെ ചെയർപേഴ്സൺ എം.എൽ.എ ശ്രീമതി കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ 18.11.22 ന് എക്സി. കമ്മറ്റി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട് :-
1) ആകെ പ്രതീക്ഷിത ചെലവിൽ 35 ലക്ഷം രൂപ നമ്മൾക്ക് സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ സിംഹഭാഗവും നടേരിയിൽ നിന്നു തന്നെ സഹായക്കുറിയായും ആരാധനാലയങ്ങളിൽ നിന്നും, വിദ്യാലയങ്ങളിൽ നിന്നും ഓട്ടോ കോ ഓർഡിനേഷൻ മുഖേനെയും നിരവധി സൗഹ്യദ കൂട്ടായ്മകളിൽ നിന്നും സമാഹരിച്ചിട്ടുള്ളതാണ്. പുറമെ, പുറത്ത് നിന്നുള്ള അഭ്യുദയകാംക്ഷികളുടെ സംഭാവനയുമുണ്ട്.
2) ഇനി 40 ലക്ഷം രൂപ കൂടി നമുക്ക് സമാഹരിക്കേണ്ടതുണ്ട്. തുടർചികിൽസ പുരോഗമിക്കുകയാണ്. സമയബന്ധിതമായി തന്നെ മുഴുവൻ തുകയും കണ്ടെത്തിയാലെ ചികിൽസ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
കാലവിളംബം ചികിൽസയുടെ താളം തെറ്റിയ്ക്കുമെന്നു മാത്രമല്ല, ഇതേ വരെ ചെയ്ത പ്രയത്നം നിഷ്ഫലമായി പോകുകയും ചെയ്യുമെന്ന് പ്രത്യേകം പറയണ്ടല്ലൊ.
3) 18/12 നു ചേർന്ന എക്സി.കമ്മറ്റി, പെട്ടെന്ന് ചെയ്യേണ്ടതായ വിവിധ ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾക്ക് രൂപം കൊടുത്തിട്ടുണ്ട്. സഹായക്കുറിയുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിച്ച പ്രാദേശിക മേഖലാ കമ്മറ്റികളുടെ ഭാരവാഹികളും, കുടുംബശ്രീയും, യുവജന സംഘടനാപ്രതിനിധികളും , ചികിൽസാ കമ്മറ്റി എക്സിക്യൂട്ടീവും സംയുക്തമായി 23.12.22 ന് വൈകു 4.30 ന് കാവുംവട്ടം യു.പി സ്കൂളിൽ യോഗം ചേർന്ന് അടുത്ത ഘട്ടം ധനസമാഹരണ പ്രവർത്തനത്തിന്റെ പരിപാടി തയാറാക്കാനാണ് തീരുമാനിച്ചിട്ടുളളത്. 23/12 ന്റെ കമ്മറ്റിയിൽ പങ്കെടുക്കേണ്ടവർ നിർബന്ധമായും ഉണ്ടാവണമെന്നും അഭ്യർത്ഥിയ്ക്കുന്നു.
4) ധാർമികിന്റെ ജീവൻ രക്ഷിയ്ക്കാനുള്ള നമ്മുടെ കൂട്ടായ പ്രയത്നം വിജയത്തിലേക്ക് കടക്കുന്ന ഈ സന്നിഗ്ദ ഘട്ടത്തിൽ നിങ്ങളോരോരുത്തരും,  തുടർന്നുള്ള ഓരോ ശ്രമത്തിനും പഴയതു പോലെ തന്നെ, കൂടെയുണ്ടാവണമെന്നും സമയബന്ധിതമായി തന്നെ ആവശ്യമായ ധനസമാഹരണം നടത്തി ചികിൽസ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനത്തിൽ സ്വയം സജ്ജരായി മുന്നോട്ടു വരണമെന്നും ചികിത്സാ സഹായ കമ്മിറ്റിക്കുവേണ്ടി കൺവീനർ ആർ. കെ. അനിൽ കുമാർ പറഞ്ഞു.