KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മഴക്കെടുതി രൂക്ഷം: ഈങ്ങാപ്പുഴയിൽ വെള്ളം കയറി

.

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനാൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ പലയിടത്തും ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പരക്കെ മഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് – മൈസൂർ ദേശീയപാതയിലെ (എൻഎച്ച് 766) ഈങ്ങാപ്പുഴ ടൗണിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.

 

പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറിയതാണ് കാരണം. വയനാട് ചുരം മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഈങ്ങാപ്പുഴയിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈങ്ങാപ്പുഴ പയോണ ഭാഗത്ത് വീടുകളിലും വെള്ളം കയറി. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെ കോഴിക്കോട് ന​ഗരത്തിലെത്താം.

 

കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ വയനാട് ഭാഗത്തേക്കും കടന്നു പോകാവുന്നതാണ്. കോഴിക്കോട് പുതുപ്പാടിയില്‍ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായതിനാൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയിൽ ബഡ്സ് സ്കൂളുകളാണ് താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.

 

ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പുതുപ്പാടി പഞ്ചായത്ത് അറിയിച്ചു. ചുരം മേഖലയിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുള്ളതിനാൽ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

അപകടസാധ്യത കണക്കിലെടുത്ത് ചുരം വഴി യാത്ര ചെയ്യുന്നവർ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുകയോ പുറത്തിറങ്ങി നിൽക്കുകയോ ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കോഴിക്കോട് ന​ഗരത്തിൽ പരക്കെ കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വലിയ വെള്ളക്കെട്ടുകളുണ്ട്. മാവൂർ റോഡിൽ കോട്ടൂളി, പാലാഴി പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

 

മലയോര പ്രദേശങ്ങളായ കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയർത്തി മഴ തുടരുകയാണ്. കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ കണയംകോട് പാലത്തിന് വടക്ക് ഭാഗത്ത് മരം പൊട്ടി സംസ്ഥാനപാതയിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

 

 

Share news
error: Content is protected !!