വടകര മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥ; പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ
.
കോഴിക്കോട് ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് ദേശീയപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തുടർച്ചയായി മണ്ണിടിച്ചിലുണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാത്ത ദേശീയപാത അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു വടകര മുക്കാളിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം.

അൻപതോളം വരുന്ന പ്രവർത്തകർ പ്രകടനമായെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആവർത്തിച്ചുണ്ടാകുന്ന അപകട മുന്നറിയിപ്പുകൾ അവഗണിച്ച് അധികൃതർ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. അപകടസാധ്യത നിലനിൽക്കെ സ്ഥലം എംപിയും എംഎൽഎയും പ്രദേശം സന്ദർശിക്കാനോ പ്രശ്നപരിഹാരത്തിന് ഇടപെടാനോ തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ബഗീഷ് ഉദ്ഘാടനം ചെയ്തു. ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തുടർന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി ഉപരോധ സമരം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.




