പന്തലായനിയിൽ വീട് കയറി അക്രമം. രണ്ടു പേർക്ക് പരിക്ക്
.
കൊയിലാണ്ടി: പന്തലായനിയിൽ വീട് കയറി അക്രമം. രണ്ടു പേർക്ക് പരിക്ക്. പന്തലായനി നരിക്കുനി (ജ്യോതി നിവാസ്) കരുണൻ്റെ വീടാണ് അക്രമിച്ചത്. മകൻ ജ്യോതിഷ് കുമാർ, ഭാര്യ പ്രജില എന്നിവർക്കാണ് പരിക്കേറ്റത്. ജ്യോതിഷ് കുമാറിൻ്റെ തലയ്ക്കും കണ്ണിനുമാണ് പരിക്കറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിൻ്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ, ഫർണ്ണച്ചറുകൾ എന്നിവ ആയുധങ്ങൾ ഉപയോഗിച്ച് തകർത്തിട്ടുണ്ട്. ജ്യോതിയെ അക്രമിക്കുന്നത് കണ്ട് തടയാൻ വന്ന ഭാര്യയെയും അക്രമിക്കുകയായിരുന്നു. അക്രമത്തിൻ്റെ കാരണങ്ങൾ വ്യക്തമല്ല.


കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളാണ് അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് അക്രമം നടത്തിയത്. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് ദൂരദിക്കിലുള്ള ആളുകൾ മദ്യപിച്ച് ബഹളം വെക്കുന്നത് പതിവായിരുന്നെന്ന് പരാതിയിൽ പറയുന്നു. പന്തലായനിയിലെ പല ഭാഗത്തായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാരും പറഞ്ഞു.


രാത്രിതന്നെ കൊയിലാണ്ടി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് സിസിടിവി പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നഗരസഭ ചെയർപോഴ്സൺ യു.കെ ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ ബിന്ദു സിടി, കൌൺസിലർമാരായ വി.കെ. രേഖ, മഹേഷ്, രമ്യ തിരുവലത്ത് എന്നിവർ സന്ദർശിച്ചു.




