KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൻ്റെ സമഗ്ര വികസനത്തിനായി അഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും: അഡ്വ. കെ. പ്രവീൺ കുമാർ

.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി അഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ അക്കാദമിക് കെട്ടിടങ്ങൾ, വിദ്യാർത്ഥികൾക്കായി മികച്ച കാന്റീൻ, സ്റ്റേഡിയം ഗ്രൗണ്ടിന്റെ വികസനം, സ്കൂളിനെയും സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘ടീ വിത്ത് എംഎൽഎ’ പരിപാടിയിലായിരുന്നു പ്രഖ്യാപനം. സ്കൂളിന്റെ ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും, അടുത്ത അമ്പത് വർഷത്തേക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
സ്കൂളിന്റെ അക്കാദമിക നിലവാരത്തിനൊപ്പമുള്ള ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്ക് കൂടുതൽ സൗഹൃദപരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ സ്കൂളിന്റെ നിലവിലെ ഭൗതിക സാഹചര്യങ്ങളും വികസന ആവശ്യങ്ങളും എംഎൽഎയ്ക്ക് വിശദീകരിച്ചു. പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ  നന്ദിയും പറഞ്ഞു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, ഷൈജു കെ പി, മദർ പിടിഎ പ്രസിഡണ്ട് അസ്മ ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായി.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ജില്ലയിലെ തന്നെ ഏറ്റവും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
Share news
error: Content is protected !!