രണ്ട് ദിവസമായി ഭക്ഷണമില്ല; ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിഥി തൊഴിലാളികൾ ദുരിതത്തിൽ
.
ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിഥി തൊഴിലാളികൾ ദുരിതത്തിൽ. രണ്ട് ദിവസമായി ഇവർക്ക് ഭക്ഷണമില്ല. ഒറ്റ മുറിയിൽ 26 പേർ ആണ് കഴിയുന്നത്. മുറിയിൽ വൈദ്യുതി ഇല്ല. വെള്ളം മാത്രം കിട്ടിയെന്ന് അതിഥി തൊഴിലാളികൾ പറയുന്നു. ആറന്മുളയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നിയിലും മലയോര മേഖലയിലും കടുത്ത ജാഗ്രത തുടരുകയാണ്.

ശബരിമല വനമേഖലയിൽ ശക്തമായ മഴയെ തുടർന്ന് പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നു. പാലക്കാട് മഴ തുടരുന്നു. നാശ നഷ്ടങ്ങളൊന്നും ഇത് വരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ ഉയർന്ന പ്രദേശങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മേഖലയിലുണ്ടായ മഴയിൽ ഭാരതപുഴ കവിഞ്ഞൊഴുകുകയാണ്.

സമീപ പ്രദേശത്തുള്ളവർക്ക് ജാഗ്രത സന്ദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് രാവിലെ 5 മണിയോടെ വെള്ളം കയറിയത്. ഇലാഹിയ നഗറിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.




