KOYILANDY DIARY

The Perfect News Portal

പ്രതിഭാസംഗമ വേദിയിൽ ഹ്രസ്വ ദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങ്

പ്രതിഭാസംഗമ വേദിയിൽ ഹ്രസ്വ ദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങ്. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ രണ്ടാമത് ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ ഹ്രസ്വ ദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങിൻ്റെ ഉദ്ഘാടനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. ഫെസ്റ്റിവൽ പ്രസിഡണ്ട് പ്രശാന്ത് ചില്ല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചലച്ചിത്ര സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സംവിധായകൻ സിദ്ദിഖ്, നവാഗത സംവിധായകനുള്ള പുരസ്കാരം മാളികപ്പുറം സിനിമയുടെ സംവിധായകൻ വിഷ്ണു ശശിശങ്കർ എന്നിവർ  പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്നും ഏറ്റുവാങ്ങി. മനുഷ്യ മനസ്സുകളുടെ ചേർത്തു നിൽക്കലിന് കലയുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നുള്ളതിൻ്റെ നേർകാഴ്ചയാണ് ക്യു എഫ് എഫ് കെ നടത്തിയ ചടങ്ങെന്ന് ഉദ്ഘാടന പ്രസംഗത്തിൽ  മട്ടന്നൂർ പറഞ്ഞു. ഒപ്പം അടുത്ത തവണ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഒരു മണിക്കൂർ കൊട്ടാനുള്ള ആഗ്രഹവും അദ്ദേഹം  പ്രകടിപ്പിച്ചു.
Advertisements
ജീവിതത്തിൽ ആദ്യമായി ലഭിച്ച സമഗ്ര സംഭാവനാ പുരസ്കാരമാണ് മലബാറിൻ്റെ കലാസാംസ്കാരിക മണ്ണായ കൊയിലാണ്ടിയിൽ നിന്ന് ലഭിച്ചതെന്നും പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സംവിധായകൻ  സിദ്ദിഖ് പറഞ്ഞു. ഒരു യുവ സംവിധായകൻ എന്ന നിലയിൽ മുന്നോട്ടു പോകാനുള്ള ഊർജ്ജമാണ് ഈ പുരസ്കാരത്തിലൂടെ ലഭിച്ചതെന്ന് വിഷ്ണു ശശിശങ്കർ അറിയിച്ചു.
തുടർന്ന് ദൃശ്യ മാധ്യമ ഹ്രസ്വചിത്ര പുരസ്‌കാരങ്ങൾ വിജയികൾക്ക് വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു. അഡ്വ. കെ. സത്യൻ (വൈസ് ചെയർമാൻ കൊയിലാണ്ടി മുനിസിപ്പാലിറ്റി ), ചലച്ചിത്ര നടൻ സുശീൽ കുമാർ, ഛായാഗ്രഹകൻ പ്രശാന്ത് പ്രണവം, തിരക്കഥാകൃത്ത് അനീഷ് അഞ്ജലി, ചലച്ചിത്ര നടി പ്രിയ ശ്രീജിത്ത്‌, കഥാകൃത്ത് അശ്വിൻ പ്രകാശ്, സംഗീതജ്ഞൻ പ്രേംകുമാർ വടകര, മധുസൂദനൻ  ഭരതാഞ്ജലി, മജീഷ്യൻ ശ്രീജിത്ത്‌ വിയ്യൂർ, നൗഷാദ് ഇബ്രാഹിം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫെസ്റ്റിവൽ സെക്രട്ടറി അഡ്വ. വി. സത്യൻ ചടങ്ങിൽ സ്വാഗതം  പറഞ്ഞു.