KOYILANDY DIARY

The Perfect News Portal

വികസന കാര്യങ്ങളിൽ ഒന്നിച്ച്‌ നിൽക്കണം; മുഖ്യമന്ത്രി

പേരാമ്പ്ര: നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച്‌ നിൽക്കാൻ നമുക്കാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരാമ്പ്ര ബൈപാസ്‌ നാടിന്‌ സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിക്ക്‌ ഇടയാക്കുന്ന ഏതൊരു കാര്യത്തിലും നാടാകെ സന്തോഷിക്കുന്നു. ഓരോ പദ്ധതി  പൂർത്തിയാകുമ്പോഴും ഇതു കാണാനാകുന്നു. പശ്ചാത്തലസൗകര്യ വികസനത്തിൽ നാം അഭിമാനകരമായ വിജയം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ പ്രധാന നഗരങ്ങളിൽ ജീവിക്കുന്നവർ നാട്ടിൽ വരുമ്പോൾ കേരളത്തിലെ മാറ്റം അവരെ ഹരംകൊള്ളിക്കുന്നു. താമസിക്കുന്ന സ്ഥലത്തേതുപോലെയുള്ള റോഡുകൾ എന്റെ നാട്ടിൽ ഏതുകാലത്തുണ്ടാകും എന്ന്‌ വ്യാകുലപ്പെട്ടവർ ഈ മാറ്റം കാണുന്നു. ഇങ്ങനെയൊരു മാറ്റമോ നമ്മുടെ നാടിനെന്ന്‌ ആശ്ചര്യപ്പെടുന്നു. ഇത്‌ നമുക്ക്‌ സാധിച്ചത്‌ എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാനായതിനാലാണ്‌.
Advertisements
പ്രളയമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളും ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയുമെല്ലാം നമുക്ക്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു.  അവയ്‌ക്കു മുന്നിൽ തലയിൽ കൈവച്ച്‌ നിസ്സഹായതയോടെ നിലവിളിച്ച്‌ ഇരിക്കാനാകുമായിരുന്നില്ല. നമുക്ക്‌ അതിജീവിച്ചേ പറ്റൂ. നാട്‌ വികസിച്ചേ പറ്റൂ. അതിൽ നാം കാണിച്ച ഒരുമയും ഐക്യവും രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറി. തളർന്ന്‌ ഇരുന്നുപോയില്ല. കൂടുതൽ വീറോടെ  മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമുണ്ടായി.
റോഡ്‌ വികസനവും പാലങ്ങളുടെയും ഫ്ലൈഓവറുകളുടെയും റെയിൽവേ മേൽപ്പാലങ്ങളുടെയും നിർമാണവുമെല്ലാം നാടിന്‌ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്‌.  ആരോഗ്യരംഗം മെച്ചപ്പെടുത്തേണ്ടിയിരുന്നു.
സാമ്പത്തിക ശേഷി അത്രത്തോളമില്ലാത്തതിനാൽ ബജറ്റിനുപുറത്ത്‌ പണം കണ്ടെത്തേണ്ടിയിരുന്നു. ഇതിനാണ്‌ നാം കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചത്‌.
കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന്‌ മാതൃകയാക്കാവുന്ന നമ്മുടെ സ്വന്തം പദ്ധതിയാണ്‌. ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനായി. അതിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സയൻസ്‌ പാർക്കിന്റെ നിർമാണത്തിന്‌ തുടക്കം കുറിച്ചു. കേരളം കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകുന്ന കാഴ്‌ചയാണ്‌ ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.