KOYILANDY DIARY

The Perfect News Portal

സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്ക്കൂൾ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ വൻ പ്രതിഷേധം. മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും മന്ത്രി, കലക്ടർ, ആർ. ഡി. ഡി, ഡി. ഡി. ഇ എന്നിവർക്കു പരാതി നൽകി. നിലവിലെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ അറിവോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

മലമുകളിൽ പ്രവർത്തിക്കുന്ന സ്ക്കൂളിന് തണൽ മരങ്ങൾ അലങ്കാരവും ഒപ്പം വലിയ ആശ്വാസമായിരുന്നു. കുട്ടികൾക്ക് ഇരിക്കാൻ മരത്തിനു ചുറ്റും ഗ്രാനൈറ്റിൽ ഇരിപ്പിടം തീർത്തിരുന്നു. സ്ക്കൂൾ അവധിയായിരുന്ന ദിവസമാണ് മരം മുറിച്ചത്.

സ്ക്കൂളിനു ഒരു തരത്തിലുമുള്ള ഭീഷണിയും ഉണ്ടാക്കാതിരുന്നിട്ടും ഈ മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ക്കൂൾ ജനാധിപത്യ വേദി ചെയർമാൻ ടി. കെ. മിഥിലാജ് അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ കെ. എസ്‌. യു. ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.

Advertisements