KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് പിടിക്കപ്പെട്ടത്. 957.2 ഗ്രാം സ്വര്‍ണ്ണവുമായി വന്ന ഇയാൾ വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പിടിയിലാവുകയായിരുന്നു.

സ്വർണ്ണം മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് നാല് മണിക്ക് പുറത്തിറങ്ങിയപ്പോൾ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദയ് പ്രകാശിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു വയറിനകത്ത് ക്യാപ്സൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കുമെന്നും  തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Advertisements