KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌ ബീച്ചിലെ തട്ടുകടകൾ 
മൊഞ്ചാക്കാൻ; പ്രത്യേക സോണിന് പച്ചക്കൊടി

കോഴിക്കോട്‌ ബീച്ചിലെ തട്ടുകടകൾ മൊഞ്ചാക്കാൻ; പ്രത്യേക സോണിന് പച്ചക്കൊടി  ബീച്ചിലെ ഉന്തുവണ്ടികളെയും തട്ടുകടകളെയും പ്രത്യേക തെരുവുകച്ചവട മേഖലയിൽ വിന്യസിക്കുന്ന പദ്ധതിക്കാണ് തുറമുഖ വകുപ്പ്‌ അനുമതി നൽകിയത്.. കോർപറേഷൻ ഓഫീസിന്‌ മുന്നിലെ പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ മുതൽ ഫ്രീഡം സ്‌ക്വയർ വരെ ലൈസൻസുള്ള 90 കച്ചവടക്കാരെയാണ്‌ പദ്ധതിയുടെ ഭാഗമാക്കുക. 400 മീറ്ററിലാണ്‌ കച്ചവടമേഖല. ബീച്ച്‌ സൗന്ദര്യവൽക്കരണവും വിനോദ സഞ്ചാരവികസനവും ശാസ്‌ത്രീയമായ മാലിന്യസംസ്‌കരണവും ലക്ഷ്യമാക്കിയുള്ളതാണ്‌ പദ്ധതി. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ബീച്ചിൽ ഇത്തരത്തിലൊരു പദ്ധതി.
ഡിപിആറിന്‌ തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയുമാണ്‌ അടുത്ത നടപടിക്രമങ്ങൾ. കേന്ദ്ര ഏജൻസിയായി നാഷണൽ അർബൻ ലൈവ്‌ലി ഹുഡ്‌ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ 4.8 കോടിയുടെ പദ്ധതി നടപ്പാക്കുകയെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ പ്രോജക്ട്‌ ഓഫീസർ ടി കെ പ്രകാശൻ പറഞ്ഞു.
Advertisements
പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ തട്ടുകടകൾക്കും ചുവപ്പും മഞ്ഞയും കലർന്ന നിറമാണ്‌ നൽകുക. തട്ടുകടകളിലേക്ക്‌ പൈപ്പിലൂടെ ശുദ്ധമായ കുടിവെള്ളം എത്തും. വൈദ്യുതി സംവിധാനവുമുണ്ട്‌. മാലിന്യം സൂക്ഷിക്കാനും സംസ്‌കരിച്ച്‌ കടലിൽ ഒഴുക്കാനും പ്ലാന്റുമുണ്ട്‌. പദ്ധതിക്ക്‌ ജനുവരിയിലാണ്‌ കോർപറേഷൻ കൗൺസിൽ യോഗം അനുമതി  നൽകിയത്‌. ഡി എർത്ത്‌ കമ്പനിയാണ്‌ ഡിപിആർ തയ്യാറാക്കിയത്‌. ഈ കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഏജൻസിയാണ്‌ ഉന്തുവണ്ടി നിർമിക്കുക. 1.38 ലക്ഷം രൂപയാണ്‌ ഒരു തട്ടുകടയ്‌ക്ക്‌. ഇതിനായി സബ്‌സിഡിയോടെ കേരള ബാങ്ക്‌ കച്ചവടക്കാർക്ക്‌ വായ്‌പ അനുവദിക്കും.