സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
.
വയനാട്: സുൽത്താൻ ബത്തേരി ബീനാച്ചിക്ക് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാർത്ഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രാവലർ മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.




