KOYILANDY DIARY.COM

The Perfect News Portal

സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു.

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്.

കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ്‌ ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ൽ ജനിച്ചു. സ്വദേശമായ കൊയിലാണ്ടിയിലെ വീടിനടുത്തുള്ള മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950 ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിൽ ചേർന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനശേഷം 1965 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനം. അഞ്ചു വർഷം അവിടെ പഠിച്ച തങ്ങൾ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു.

പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ പട്ടിക്കാടും ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ എന്നിവർ പരപ്പനങ്ങാടിയിലും സതീർഥ്യരായിരുന്നു. ജാമിഅ നൂരിയ്യയിൽ അൽ മുനീർ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഇ കെ അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രധാന ഗുരുനാഥരാണ്. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായ തങ്ങൾ കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമാണ് തങ്ങൾ.

ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുൽസു. മക്കൾ: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരുമകനാണ്.

Share news