KOYILANDY DIARY.COM

The Perfect News Portal

മൊബൈൽ ഫോൺ അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മൊബൈൽ ഫോൺ അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. തൃശൂരിൽ മൊബൈൽ ഫോൺ എട്ട് വയസുകാരിയുടെ ജീവനെടുത്തു. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛൻ്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ഇതേ കടയിൽ നിന്ന് തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

ഫോൺ പൊട്ടിത്തെറിച്ചതോടെ കുട്ടിയുടെ മുഖത്തും തലയ്ക്കും പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ വലത് കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ.

  • ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കരുത്
ഫോൺ ചാർജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ മദർബോഡിന്മേലുള സമ്മർദം വർദ്ധിക്കും. ഇത് ഫോണിൻ്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ഇതുകൊണ്ടാണ് ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിക്കുമ്പോൾ ചൂടാകുന്നത്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടുമൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കാൻ പാടില്ല.
  • രാത്രി ചാർജിലിട്ട് ഉറങ്ങാൻ കിടക്കരുത്
 100 ശതമാനം ചാർജായി കഴിഞ്ഞ് പിന്നെയും ബാറ്ററിയിലേയ്ക്ക് പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാകാതെ വരുന്നതോടെ ബാറ്ററി ചൂടാകും. ഇത് ഷോർട്ട് സർക്യൂട്ടിലേയ്ക്ക് നയിക്കാം. ഇങ്ങനെ തുടർച്ചയായി ചെയ്താൽ ബാറ്ററി തകരാറിലായി വീർത്തു വരും. ഇങ്ങനെയുള്ള ബാറ്ററികൾക്ക് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള ബാറ്ററികൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കുക.
  • ഒറിജിനൽ ബാറ്ററി വാങ്ങുക
കേടായ ബാറ്ററി മാറ്റി പുതിയത് വാങ്ങുമ്പോൾ ഒറിജിനൽ തന്നെയാണ് വാങ്ങിയതെന്ന് ഉറപ്പുവരുത്തുക. ഒറിജിനലിന്റെ മൂന്നിലൊന്ന് വിലയ്ക്ക് ലഭിക്കുന്ന വ്യാജൻ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യാജ ആക്സസറികൾ ഫോണിന്റെ നിലവാരവുമായി ചേരാത്തതിനാൽ തകരാറുകൾ സംഭവിക്കുന്നതിനും അപകടത്തിനും സാദ്ധ്യത ഏറെയാണ്.
  • പോക്കറ്റിലിടരുത്
ഇറുകിയ ജീൻസിൻ്റെ പോക്കറ്റിൽ ഒരിക്കലും ഫോൺ ഇടാൻ പാടില്ല. ഇത് ഫോൺ ചൂടാകുന്നതിനും ബാറ്ററിയിൽ സമ്മർദമുണ്ടാകുന്നതിനും കാരണമാകുന്നു. ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്കും ഇത് നയിച്ചേക്കാം.
  • ചാർജിങ്ങിനിടെ ഫോൺ അമിതമായി ചൂടായാൽ
ചാർജ് ചെയ്യുന്നതിനിടെ ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചാർജിങ്ങ് അവസാനിപ്പിക്കണം. കുറച്ച് സമയം മാറ്റി വച്ച് ചൂട് മാറിയ ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.
  • ഫാസ്റ്റ് ചാർജിംഗ്
നിങ്ങളുടെ ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഇല്ലെങ്കിൽ ഇത്തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്ക് താങ്ങാനാകുന്നതിലേറെ വോൾട്ടേജ് പെട്ടെന്ന് കയറുമ്പോൾ ഇത് ഫോണിനെ മൊത്തത്തിൽ ബാധിച്ചേക്കാം. ബാറ്ററിയുടെ ചാർജിംഗ് ശേഷിയും നഷ്ടപ്പെട്ടേക്കാം.
  • ഫോൺ കെയ്സ്
വിലപിടിപ്പുള്ള ഫോണിന് പോറലുകൾ ഉണ്ടാകാതിരിക്കാൻ വാങ്ങിയിടുന്ന കെയ്സുകൾ ചിലപ്പോൾ വില്ലനാവാം. ചാർജിങ്ങ് സമയത്ത് ബാറ്ററി ചെറിയ രീതിയിൽ ചൂടാകും. ഇത് സാധാരണമാണ്. ഈ ചൂട് പുറത്ത് കളയുന്നതിന് വേണ്ട പഴുതുകൾ ഫോണുകളിൽ ഉണ്ടായിരിക്കും. പല കെയ്സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതിനാൽ കെയ്സിലിട്ട് ചാർജ് ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക.
Share news
error: Content is protected !!