വയോധികയുടെ 50 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ
.
പാലക്കാട്: ട്രെയിനിൽ നിന്ന് വയോധികയുടെ 50 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ദിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് പിടിയിലായത്. ചൈന്നെയിൽ നിന്ന് ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വയോധികയുടെ സ്വർണം കവർന്നത്. ബാലമുരുകന്റെ ഇൻസ്റ്റഗ്രാം റീൽസിൽ നിന്നുതന്നെയാണ് പൊലീസിന് കവർച്ചയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

കോയമ്പത്തൂരിൽ സ്വർണം വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഈ മാസം രണ്ടിനാണ് സംഭവം. ചെന്നൈയിലുള്ള മകന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന ചെങ്ങന്നൂർ സ്വദേശിനിയുടെ സ്വർണമാണ് കവർന്നത്. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ച 50 പവൻ സ്വർണമാണ് മോഷണം പോയത്. തൃശൂരെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകൻ വലയിലായത്. സേലത്തുനിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. പാലക്കാടെത്തിയപ്പോഴേക്കും സ്വർണം മോഷ്ടിച്ച പ്രതി പാലക്കാട് സ്റ്റേഷനിലിറങ്ങി തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ബാലമുരുകനിലേക്ക് എത്തിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം റീലുകൾ വഴിയാണ് സ്ഥലം മനസിലാക്കിയത്. പൊലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




