രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം: ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്
.
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്. കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മാവേലിക്കര കോടതി നോട്ടീസ് അയച്ചത്.

കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഒക്ടോബർ 14ന് പുനലൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. ഡൽഹിയിലെ സമരത്തിനിടെ രാഹുൽ ഗാന്ധി നടത്തിയത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വെപ്രാളമാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.

പരാമർശം രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി ശ്രീകുമാർ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ് ആർ ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.




