KOYILANDY DIARY

The Perfect News Portal

വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. റാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡ് നെബീന മൻസിലിൽ ഇക്ബാൽ മുംതാസ് ദമ്പതിമാരുടെ മകൾ നെബീനയാണ് (23) മരിച്ചത്. സംഭവത്തിൽ ഭർത്താവ് കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള ദാറുൽ അഫ്സൽ വീട്ടിൽ അഫ്സൽ (33) ആണ് അറസ്റ്റിലായത്.

ഏതാനും ദിവസം മുമ്പാണ് നെബീനയെ സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്ത്രീധനത്തിൻ്റെ പേരിൽ മകളെ ഭർത്താവ് നിരന്തരം മർദിക്കുമായിരുന്നെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും നെബീനയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന അഫ്സൽ മൂന്നുമാസം മുൻപാണ് നാട്ടിൽ അവധിക്കെത്തിയത്. ഇവർക്ക് ഒരു വയസ്സ് പ്രായമായ കുട്ടിയുണ്ട്. 2019 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. ആത്മഹത്യാപ്രേരണ  കൂടാതെ ഗാർഹിക –സ്ത്രീധന പീഡനവും ചുമത്തിയാണ് അറസ്റ്റ്. അഫ്സലിനെ കോടതി റിമാൻഡ് ചെയ്തു.

Advertisements