KOYILANDY DIARY

The Perfect News Portal

2011ൽ ഗവർണർക്കതിരെ ഗുജറാത്ത് നിയമസഭയിൽ നരേന്ദ്ര മോഡി ബിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി ആയപ്പോൾ പുറത്താക്കി

2011ൽ ഗവർണർക്കതിരെ ഗുജറാത്ത് നിയമസഭയിൽ നരേന്ദ്ര മോഡി ബിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി ആയപ്പോൾ അവരെ പുറത്താക്കി. ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട്‌ സർക്കാരുകളുടെ ഭരണകാര്യങ്ങളിൽ ഗവർണർമാർ ഇടപെടുന്നത്‌ വലിയ രാഷ്‌ട്രീയ തർക്കങ്ങളിലേക്കും വഴിയൊരുക്കിയിട്ടുണ്ട്‌. ഇന്ന്‌ ഗവർണർമാരുടെ അധികാരം സംബന്ധിച്ചും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഇടപെടലുകളെ സംബന്ധിച്ചും പാരാതിയൊന്നും ഇല്ലാത്ത ബിജെപിക്കും ഇത്തരത്തിൽ ഗവർണറുമായി ഏറ്റുമുട്ടിയ ചരിത്രമുണ്ട്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽതന്നെ. കേരളത്തിൽ ഗവർണറെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ നേട്ടത്തിനായി ശ്രമിക്കുന്ന ബിജെപി ഒരു ഗവർണറെ പുറത്താക്കിയ ചരിത്രവുമുണ്ട്‌. 2011 ൽ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ടാണ്‌ ഗവർണർ കമലാ ബെനിവാളും ബിജെപി സർക്കാരും തമ്മിലുള്ള തർക്കം തുടങ്ങുന്നത്‌. സ്വന്തം നിലയിൽ ലോകായുക്തയെ നിയമിച്ച ഗവർണറുടെ നടപടി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി തള്ളി. ലോകായുക്തയെ നിയമിക്കാനുള്ള നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ നിയമസഭ ഭേദഗതി ചെയ്‌തു. ബെനിവാൾ ബില്ലിൽ ഒപ്പിട്ടില്ല.

രണ്ട് ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ച റാലിയിലാണ് മോഡി അക്കാലത്ത് ഗവർണർക്കെതിരെ ഗുജറാത്തിൽ സംഘടിപ്പിച്ചത്. ലോകായുക്തയെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിലേക്ക്‌ എത്തിക്കുന്നതായിരുന്നു ബിൽ. ഓംബുഡ്‌സ്‌മാനെ നിയമിക്കാനുള്ള ഗവർണറുടെയും ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്റെയും അധികാരം അവസാനിപ്പിക്കാനുള്ള ഭേദഗതിയും ബില്ലിൽ ഉണ്ടായിരുന്നു.

Advertisements

 

അന്ന്‌ മുഖ്യമന്ത്രിയായിരുന്നു മോഡി പറഞ്ഞതിങ്ങനെ… “ഗവർണർ സംസ്ഥാന സർക്കാരിന്റെ ഭരണകാര്യങ്ങളിൽ ഇടപെടുകയാണ്‌. ഭരണഘടന ആർട്ടിക്കിൾ 164 പ്രകാരം മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ഗവർണറുടെ കടമ”. അതേ മോഡി തന്നെയാണ്‌ ഇപ്പോൾ ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാരെ കളിപ്പാവയായി ഉപയോഗിക്കുന്നത്‌. സർക്കാരുകളുടെ ഭരണകാര്യങ്ങൾ തടസ്സപ്പെടുത്തുന്നതിന്‌ പിന്തുണ നൽകുന്നതും.

കേന്ദ്ര ഭരണകക്ഷിയായ കോൺഗ്രസ്‌ ഗവർണറെ ഉപയോഗിച്ച്‌ തന്നെ വേട്ടയാടുകയാണെന്നും മോഡി അന്ന്‌ പറഞ്ഞു. ഒടുവിൽ സംസ്ഥാന ഭരണകാര്യങ്ങളിലെ ഗവർണ്ണറുടെ അധികാരങ്ങൾ സംബന്ധിച്ച തർക്കം സുപ്രീം കോടതിയിൽ എത്തി. 1974 ലെ ഷംഷേർ സിംഗ് കേസ് മുതൽ നാളിതു വരെ ഗവർണ്ണർമാർക്ക് മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾ പാലിക്കുക അല്ലാതെ മറ്റ് അധികാരങ്ങൾ ഒന്നുമില്ല എന്ന് തന്നെ കോടതി ആവർത്തിച്ചു.

2014 ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരികയും മോഡി പ്രധാനമന്ത്രി ആകുകയും ചെയ്‌തു. ഗുജറാത്ത്‌ ഗവർണർ സ്ഥാനത്തുനിന്ന്‌ കമലാ ബെനിവാളിനെ നീക്കി. പ്രതികാര രാഷ്‌ട്രീയമാണെന്ന കോൺഗ്രസ്‌ ആരോപണത്തിന്‌ നടപടി ഭരണഘടനാ പ്രകാരമാണെന്ന്‌ മറുപടി നൽകി. ഗുജറാത്തിൽനിന്ന്‌ മിസോറാമിലേക്ക്‌ മാറ്റിയ ബെനിവാളിനെ കാലാവധി തീരാൻ രണ്ട്‌ മാസം ശേഷിക്കെയാണ്‌ ഗവർണർ സ്ഥാനത്തുനിന്ന്‌ നീക്കിയത്‌.

 

 

ഗവർണറുടെ അധികാരം സംബന്ധിച്ച്‌ 2011 ൽ മോഡി പറഞ്ഞതുതന്നെയാണ്‌ കേരള സർക്കാർ ആരിഫ്‌ മൊഹമ്മദ്‌ ഖാനോടും പറയുന്നത്‌. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ഭരണഘടനയേക്കാൾ വലുതായി, സംഘ്‌പരിവാർ അനുകൂല നിലപാട്‌ സ്വീകരിക്കുന്ന ഗവർണർമാർക്ക്‌ പ്രത്യേക അധികാരങ്ങളാണ്‌ ബിജെപി നേതാക്കൾ കൽപ്പിച്ച്‌ നൽകുന്നത്‌.