KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം അനധികൃത പാർക്കിംഗ് വ്യാപകം

.
കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗം നിയന്ത്രണമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും ദുരിതമാകുന്നതായി പരാതി. റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ട്രെയിൻ യാത്രയ്ക്കായി എത്തുന്ന പലരും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് സ്റ്റേഷനിലേക്ക് പോകുന്നതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
.
.
ഇതുമൂലം എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാകുകയും കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. മുമ്പ് റെയിൽവേയുടെ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിലും റെയിൽവേ ആവശ്യപ്പെടുന്ന കനത്ത വാടക കാരണം കരാറുകാർക്ക് നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അത് നിർത്തിവെച്ചിരുന്നു. അന്നത്തെ സാഹചര്യത്തിൽ റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുകയും നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
.
.
എന്നാൽ പേ പാർക്കിംഗ് സംവിധാനം നിലച്ചതോടെ ഇപ്പോൾ ഫലപ്രദമായ നിയന്ത്രണങ്ങളൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിനായി മതിയായ സ്ഥലം ഒഴിവായി കിടക്കുന്ന സാഹചര്യത്തിലും യാത്രക്കാർ റോഡരികിൽ വാഹനങ്ങൾ നിർത്തുന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുകയാണെന്ന് അവർ പറയുന്നു.
.
.
അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുന്നതിനായി പേ പാർക്കിംഗ് സംവിധാനം പുനരാരംഭിക്കുകയോ, കർശനമായ പരിശോധനയും പിഴ നടപടികളും നടപ്പാക്കുകയോ ചെയ്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
Share news
error: Content is protected !!