ഇളയിടത്ത് അനുസ്മരണവും, പ്രശാന്ത് ചില്ലയുടെ പുസ്തകങ്ങളുടെ പ്രകാശനവും
.
കൊയിലാണ്ടി: പ്രമുഖ പത്രാധിപരും മദ്യവർജ്ജന ശാന്തിസേന സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ അനുസ്മരണവും, എഴുത്തുകാരനും സംവിധായകനുമായ മകൻ പ്രശാന്ത് ചില്ലയുടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും ഉൾക്കൊള്ളുന്ന സാംസ്കാരിക സംഗമം ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത്’ ജൂൺ 26 വെള്ളി 3 മണിക്ക് കൊയിലാണ്ടി കൊല്ലത്തെ ‘ഇളയിടത്ത് ഭവന’ മുറ്റത്ത് നടക്കും. ദീർഘകാലം മദ്യവർജ്ജന സമിതി പ്രസ്ഥാനത്തിലൂടെ ലഹരിക്കെതിരെ പോരാടിയ വേണുഗോപാലിന്റെ ചരമദിനമായ ലോക ലഹരിവിരുദ്ധ ദിനത്തിലാണ് അനുസ്മരണ സംഗമം ഒരുക്കിയിരിക്കുന്നത്.
.

.
സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനൊപ്പം ശാന്തിസേനാ പ്രസ്ഥാനത്തിൽ അണിചേർന്ന് ബംഗ്ലാദേശ് അഭയാർത്ഥി ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ച വ്യക്തിത്വമായിരുന്നു വേണുഗോപാൽ. അദ്ദേഹം തുടക്കമിട്ട ‘ചില്ല’ മാസിക 37 വർഷം പൂർത്തിയാക്കുന്ന വേളയിൽ, മകൻ പ്രശാന്ത് ചില്ല അക്ഷരവഴിയിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ സദസ്സ്.
പതിവ് ഔദ്യോഗിക അധ്യക്ഷവേദികളുടെ ചട്ടക്കൂടുകൾ ഒഴിവാക്കി, തികച്ചും കാവ്യാത്മകമായ അന്തരീക്ഷത്തിൽ ഒരുക്കുന്ന സംഗമത്തിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുസ്തകപ്രകാശന കർമ്മം നിർവ്വഹിക്കും.
.

.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഇളയിടത്ത് അനുസ്മരണ പ്രഭാഷണം നടത്തും. പ്രശാന്ത് ചില്ലയുടെ ‘വസന്തവും ശിശിരവും ചില്ലകളോട് പറഞ്ഞത് ‘ (കവിതകൾ), ‘കേരളത്തിന്റെ ബാക്കിപത്രം’ (കഥകൾ), ‘മഷി പടർന്ന മൗനങ്ങൾ’ (കാവ്യാത്മക കുറിപ്പുകൾ) എന്നീ മൂന്ന് പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്. കേരളവിഷൻ, ജീനിയസ് പ്ലാവില ബുക്സ് ആണ് പ്രസാധകർ.
ചടങ്ങിൽ എൻ.ഇ. ഹരികുമാർ സ്വാഗതം ആശംസിക്കും.
.

.
കവി പി.കെ. ഗോപി (കവിതകൾ), നോവലിസ്റ്റ് യു.കെ. കുമാരൻ (കഥകൾ), എഴുത്തുകാരൻ ശത്രുഘ്നൻ (കാവ്യാത്മക കുറിപ്പുകൾ) എന്നിവർ പുസ്തകങ്ങൾ സ്വീകരിക്കും. ‘ചില്ലയോർമ്മകൾ’ എന്ന ഹൃദയസംഭാഷണ സദസ്സിൽ കവി സോമൻ കടലൂർ, സതീഷ് കെ. സതീഷ്, സുശീൽ കുമാർ തിരുവങ്ങാട്, മാധ്യമപ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ, അജിത് കുമാർ ഇളയിടത്ത് എന്നിവര്‍ പങ്കെടുക്കും.
.
ദീപക് ധർമ്മടം 24 ന്യൂസ്, നവാസ് വള്ളിക്കുന്ന്, പ്രിജേഷ് അച്ചാണ്ടി (മാനേജിംഗ് ഡയറക്ടർ – കേരളവിഷൻ പബ്ലിക്കേഷൻസ്),പ്രേമദാസ് ഇരുവള്ളൂർ, എ. സജീവൻ (പ്രസ് ക്ലബ് സെക്രട്ടറി കൊയിലാണ്ടി) എന്നിവർ പുസ്തകാശംസകൾ നേരും.
പ്രശാന്ത് ചില്ല മറുമൊഴി നേരും.



