കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്; സ്ത്രീകള്‍ക്ക് സൗജന്യയാത്ര
.
കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്. ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗജന്യ യാത്രയ്ക്ക് ദൂരപരിധിയുണ്ടാകുമോ, മറ്റ് ഉപാധികള്‍ വരുമോ തുടങ്ങി നിരവധി സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും ജോലിക്കും മറ്റുമായി കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാര്‍ അങ്ങേയറ്റം ആഹ്ലാദത്തിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടപ്പിലാക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നുതന്നെയാകും സ്ത്രീകളുടെ സൗജന്യ യാത്രയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിക്കറ്റ് മെഷീനില്‍ അപ്പ്‌ഡേഷന്‍ വന്നിട്ടുണ്ടെന്നും ഇന്ന് മുതല്‍ സ്ത്രീയോ പുരുഷനോ എന്ന് മാര്‍ക്ക് ചെയ്യാമെന്നും കണ്ടക്ടര്‍മാര്‍ വിശദീകരിച്ചു. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




