KOYILANDY DIARY

The Perfect News Portal

മൂടാടിയിലും, തിക്കോടിയിലും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന തട്ടിപ്പ് സംഘം

മൂടാടിയിലും, തിക്കോടിയിലും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന തട്ടിപ്പ് സംഘം വിലസുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽപരാതി നൽകി ഒരു മാസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് പരാതി. മൂടാടി വില്ലേജ് പരിധിയിൽ 4 സർട്ടിഫിക്കറ്റുകളും തിക്കോടി വില്ലേജിൽ 31 സർട്ടിഫിക്കറ്റുകളും ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ഇതിൻ്റെ വ്യാപ്തി എത്രയുണ്ടെന്ന് അറിയാൻ സാധിക്കുകയുള്ളൂ. പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ സ്ഥാപനമാണ് ഇതിന് പിന്നലെന്ന് സംശയിക്കുന്നതായും അറിയുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട മൂടാടി വില്ലേജ് ഒഫീസർ സുഭാഷ് ഒരു മാസം മുമ്പ് കൊയിലാണ്ടി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷെ ഇതുവരെയും ഇവർക്കെതിരെ നടപടി എടുക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. തിക്കോടി പഞ്ചായത്തിലെ തട്ടിപ്പിനെതിരെ പയ്യോളി പോലീസിലും പരാതി നൽകിയതായിട്ടാണ് അറിയുന്നത്.

വ്യാജ വരുമാന സർട്ടിഫിക്കറ്റ് കൈക്കലാക്കി അർഹതയില്ലാത്ത പലരും ക്ഷേമപെൻഷനും മറ്റ്  ആനുകൂല്യങ്ങളും ഇത്തരത്തിൽ കൈക്കലാക്കുന്നതായും അറിയുന്നു. ഇങ്ങനെ ലക്ഷങ്ങളാണ് സർക്കാർ ഖജനാവിന് സഷ്ടമുണ്ടാകുന്നത്. ക്ഷേമ പെൻഷൻ്റെ അപേക്ഷകൾ പരിഗണിക്കുന്ന സമയത്ത് ഫയലുകളിൽ നടത്തിയ പരിശോധനയിലാണ് വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസിലാാക്കാൻ സാധിച്ചതെന്ന് വില്ലേജ് ഓഫീസുമായി അടുത്ത വൃത്തങ്ങൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. ഇത് ഐ.ടി. സെല്ലിൽ അയച്ച് കൊടുത്ത് പരിശോധിച്ചപ്പോൾ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisements

ഉപഭോക്താക്കൾ ഹാജരാക്കിയ ഒൺലൈൻ അപേക്ഷ നമ്പർ പരിശോധിച്ചപ്പോൾ മറ്റ് ജില്ലകളിലുള്ള വ്യാജ അഡ്രസ്സുകളാണ് കാണിക്കുന്നത്. ഇവിടങ്ങളിൽ മുമ്പ് പരിഗണിച്ച് അപ്രൂവ് ചെയ്ത സർട്ടിഫിക്കറ്റുകൾ അതേ നമ്പറിൽ അപേക്ഷകരുടെ പേര് എഡിറ്റ് ചെയ്ത് മാറ്റി വീണ്ടും പ്രിൻ്റ് എടുത്ത്കൊടുത്ത് വൻ തുക കൈപ്പറ്റിയാണ് ഇവർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നതെന്നാണ് അറിയുന്നത്. ഇതോടെ അർഹതപ്പെട്ട പലർക്കും ഇപ്പോൾ പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.

ചിലരുടെ അപേക്ഷ പരിശോധിച്ചപ്പോൾ വില്ലേജിൽ നിന്ന് തന്നെ സർട്ടിഫിക്കറ്റ് കിട്ടാൻ സാധ്യത ഉണ്ടായിരുന്നിട്ടും എന്തിനാണ് വ്യാജ സർട്ടിഫിക്കറ്റിനായി സമീപിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവർക്ക് ഇനി പെൻഷൻ ലഭിക്കാനുള്ള സാധ്യതയും വിരളമായിരിക്കുകയാണ്.