KOYILANDY DIARY.COM

The Perfect News Portal

ഐസിഡിഎസ് പ്രവർത്തനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾക്ക്  സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ

.
സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിൽ പൊതുവിതരണ സമ്പ്രദായം പോലെ തന്നെ ഐ സി ഡി എസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും എന്നാൽ ഐസിഡിഎസ്  പ്രവർത്തനങ്ങളിൽ കാലാനുസൃത മാറ്റങ്ങൾക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ജിനു സഖറിയ ഉമ്മൻ. കോഴിക്കോട് ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർക്കും അങ്കണവാടി ജീവനക്കാർക്കുമായി ‘സുരക്ഷിത ഭക്ഷണത്തിലൂടെ സുന്ദര ബാല്യം -ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പങ്ക്’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ.
ഐസിഡിഎസ് മുഖേന കുട്ടികൾക്കായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് നല്ലതാണെങ്കിലും, കുട്ടികളുടെ പ്രായത്തിനനുസരിച്ച് അമൃതം പൊടിയിലെ ചേരുവകളിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ സമിതിയെ വെച്ച് പഠിക്കണമെന്നുംഅമൃതം പൊടിയുടെ നിർമ്മാണത്തിന് ആവശ്യമായ ഉൽപ്പന്നങ്ങളിൽ ഉണ്ടായ വിലക്കയറ്റം പൊടിയുടെ ഗുണനിലവാരത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അമൃതം ന്യൂട്രിമിക്സ് പൊടിയുടെ പരിശോധനയ്ക്ക് നിലവിൽ ഒരു ജില്ലയിൽ മാത്രമാണ് സൗകര്യമുള്ളത്. ഓരോ ജില്ലയിലും ഇതിനുള്ള സൗകര്യം ഉണ്ടാക്കണം. ജില്ലകളിൽ വന്യമൃഗ ശല്യം ഉള്ള  മലയോരമേഖലകളിൽ  പലപ്പോഴും കുട്ടികൾക്ക് അങ്കണവാടിയിലെത്താൻ സാധിക്കുന്നില്ല. അങ്ങനെയുള്ള അവസരങ്ങളിൽ അമൃതം പൊടിയും മറ്റു ഭക്ഷ്യവസ്തുക്കളും  കുട്ടികളുടെ വീട്ടിലെത്തിക്കാനാവശ്യമായ നടപടികൾ  സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
അങ്കണവാടികളിലെ പോഷക വിതരണത്തിനായി ഉപയോഗിക്കുന്ന കേന്ദ്രസർക്കാർ ഓൺലൈൻ പോർട്ടലായ പോഷൺ ട്രാക്കറുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് ഗുണഭോക്താക്കളെ ചേർക്കണമെന്നും വനാതിർത്തി പങ്കിടുന്ന മേഖലകളിൽ വാഹനസൗകര്യം ഏർപ്പെടുത്തിയാൽ മാത്രമേ ഐ സി ഡി എസ് സൂപ്പർവൈസർമാർക്കും സിഡിപിഒമാർക്കും പ്രദേശത്ത് കടന്നുചെന്ന് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്നും ചെയർ പേഴ്സൺ പറഞ്ഞു.
മലയോരമേഖലകളിലും ഉന്നതികളിലും അങ്കണവാടി ഹെൽപ്പർമാരുടെയും വർക്കർമാരുടെയും സേവനം മികച്ചതാണ്. ഐസിഡിഎസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കുന്നതിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും സേവനം അഭിനന്ദനാർഹമാണെന്നും ചെയർപേഴ്സൺ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി അധ്യക്ഷനായിരുന്ന ശില്പശാലയിൽ ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. സബിത ബീഗം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ പി പി അനിത സ്വാഗതവും ബാലുശ്ശേരി ശിശു വികസന പദ്ധതി ഓഫീസർ കെ. ദീപ നന്ദിയും പറഞ്ഞു.
Share news