KOYILANDY DIARY

The Perfect News Portal

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമായി മാറും. മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമ‍ർദ്ദമായി മാറും. മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമ‍ർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല. എങ്കിലും കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.

തിങ്കളാഴ്ച വയനാട് ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴക്കാണ് സാധ്യതയുള്ളത്.