KOYILANDY DIARY

The Perfect News Portal

മലമ്പുഴ അണക്കെട്ടിൽ തുടരുന്ന കാട്ടാനകളെ തുരത്താൻ നടപടി ഊർജിതമാക്കി വനം വകുപ്പ്

പാലക്കാട്: മലമ്പുഴ അണക്കെട്ടിൽ തുടരുന്ന കാട്ടാനകളെ തുരത്താൻ നടപടി ഊർജിതമാക്കി വനം വകുപ്പ്. ആവശ്യമെങ്കിൽ കുങ്കികളെ എത്തിക്കാനാണ്‌ തീരുമാനം. വ്യാഴാഴ്ച തുടങ്ങിയ ദൗത്യം വെള്ളിയാഴ്ചയും തുടർന്നു. കരടിയോട്‌ ഭാഗത്തും കോഴിയമലയിലും നിലയുറപ്പിച്ച കാട്ടാനകളെ വനം വകുപ്പ് വാച്ചർമാരടങ്ങുന്ന സംഘം കണ്ടെത്തി. ദ്രുതപ്രതികരണ സേന പടക്കംപൊട്ടിച്ച് ആനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചു. കുട്ടിയാനകൾ കൂട്ടത്തിലുള്ളതിനാൽ മുതിർന്ന ആനകൾ വനപാലകർക്കുനേരെ തിരിഞ്ഞു.
വരും ദിവസങ്ങളിൽ ആനകളെ കവ റോഡ് മുറിച്ചുകടത്തി വനത്തിലൂടെ അയ്യപ്പൻമല ഭാഗത്തേക്ക് കടത്തിവിടാനാണ് തീരുമാനം. ആനകൾ നീങ്ങുന്നില്ലെങ്കിൽ കുങ്കികളെ എത്തിക്കും. ധോണിയിൽ തുടരുന്ന കുങ്കികളിൽ പ്രമുഖ എന്ന മോഴ മാത്രമാണ് ദൗത്യത്തിന്‌ തയ്യാറുള്ളത്. കോട്ടൂർ അഗസ്ത്യൻ എന്ന കുങ്കിയാന മദപ്പാടിൽനിന്ന് മോചിതനായിട്ടില്ല. രണ്ട് ആനകൾ ഉണ്ടെങ്കിൽ മാത്രമേ കാട്ടാനകളെ ഓടിക്കാനാവു. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന കവയിൽ ആനകൾ തുടരുന്നത് ആളുകൾക്ക് ഭീഷണിയാണ്. മത്സ്യത്തൊഴിലാളികളെ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ആന ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
Advertisements
മദപ്പാടുള്ള കൊമ്പൻ പി ടി-14 (പാലക്കാട് ടസ്കർ–-14) മലമ്പുഴയിൽ തുടരുകയാണ്‌. ആനകളെ മലമ്പുഴയിൽനിന്ന് വനത്തിലേക്ക് ഓടിക്കണമെന്ന് വ്യാഴാഴ്ച ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുപ്പതിലേറെ ആനകളാണ് മലമ്പുഴ അണക്കെട്ടിൽ തുടരുന്നത്.