KOYILANDY DIARY

The Perfect News Portal

കുരുന്നുകൾക്ക് ആവേശമായി ‘ചായില്യം’ ചിത്രശില്പശാല

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച ചിത്രശില്പ പരിചയ പരിപാടി ‘ചായില്യം’ കുട്ടികൾക്ക്‌ കൗതുകമായി. കവിയും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ യു. കെ. രാഘവൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒരു ചിത്രകാരൻ്റെ ഓരോ പുലരിയും പിറവിയെടുക്കുന്നത് നവങ്ങളായ വർണ്ണ സാധ്യതകളിലേക്കാണെന്നും ചിത്ര രചനയുടെ ഇത്തരം അനന്ത സാധ്യതകൾ നമുക്ക് പ്രദാനം ചെയ്യുന്നത് നമുക്ക് ചുറ്റുമുള്ള പ്രകൃതിയാണെന്നും പ്രകൃതിയെ അടുത്തറിയുമ്പോഴാണ് ഏതൊരു ചിത്രകാരനും പുതിയ മേഖലകൾ കണ്ടെത്താനാവുന്നതെന്നും ആ വലിയ പാഠപുസ്തകത്തെ ശ്രദ്ധാപൂർവ്വം വായിച്ചെടുക്കാൻ ഓരോ ചിത്ര വിദ്യാർത്ഥിയും സമയം കണ്ടെത്തണമെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ യു. കെ. രാഘവൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തുടർന്ന്
രേഖാ ചിത്രങ്ങൾ, അക്ഷര ചിത്രങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹം ക്ലാസ് അവതരിപ്പിച്ചു.
Advertisements
കോഴിക്കോട് എൻ. ഐ. ടി. യിലെ റിസർച്ച് സ്കോളറായ ആർക്കിടെക്റ്റ് ആതിര എസ്. ബി. ചിത്ര കലയിലെ നൂതന സാധ്യതകളെപ്പറ്റിയുള്ള ക്ലാസ്സ് നയിച്ചു. പ്രശസ്ത ശില്പി എ. കെ. രമേശ് കളിമണ്ണ് ഉപയോഗിച്ചുള്ള ശില്പ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി.
ശില്പശാലാ ഡയറക്ടർ ദിൻഷ, ബിജു. കെ. പി (പി. ടി. എ. പ്രസിഡണ്ട്), പ്രശോഭ്. ജി,  ജിസ്ന എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ  സംസാരിച്ചു. 60 ഓളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു.