KOYILANDY DIARY

The Perfect News Portal

ട്രോളിംഗ് നിരോധനം: മത്സ്യബന്ധന ബോട്ടുകൾ കരയ്ക്കടുപ്പിച്ചു

കൊയിലാണ്ടി: ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കൊയിലാണ്ടി ഹാർബറിൽ ബോട്ടുകൾ കരകയറ്റി. ജൂൺ 9 വെള്ളിയാഴ്ച അർദ്ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്. ജൂലായ് 31 അർദ്ധരാത്രി ട്രോളിംഗ് നിരോധനം അവസാനിക്കും. കൂടുതൽ ബോട്ടുകൾ ഇപ്പോൾ കരയ്ക്കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

നിരോധനകാലയളവിലെ ഫിഷറീസ് വകുപ്പ് നിർദ്ദേശങ്ങൾ 
  • ട്രോളിംഗ് നിരോധന കാലയളവിൽ കേരള തീരത്ത് ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യ ബന്ധനം നടത്തുവാനോ പാടുള്ളതല്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ 1980 ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം (കെ. എം. എഫ്. ആർ. ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
  • ട്രോളിംഗ് നിരോധനം തുടങ്ങുന്ന 2023 ജൂൺ 9-ാം തിയ്യതി അർദ്ധരാത്രി 12 മണിക്ക് മുമ്പായി എല്ലാ ട്രോളിംഗ് ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കേണ്ടതാണ്. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർദ്ധരാത്രി 12 മണിക്ക് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുള്ളുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Advertisements
  • കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 9 ന് മുമ്പായി കേരളതീരം വിട്ട് പോകേണ്ടതാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
  • ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾ (താങ്ങുവള്ളം) ഒരു കരിയർ വള്ളം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.
  • രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായും നിരോധിച്ചിട്ടുള്ളതാണ്. വളർച്ച എത്താത്ത ചെറുമത്സ്യങ്ങളെ (MLS) പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്.
  • മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന എല്ലാ യാനങ്ങളും മതിയായ സുരക്ഷാ ഉപകരണങ്ങളും ആവശ്യമായ രേഖകളും (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ആധാർ കാർഡ്) എന്നിവ കരുതേണ്ടതാണ്.
  • സർക്കാറിൽ നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക. കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും ഉത്തരവിനകത്ത് പറയുന്നുണ്ട്.