യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
.
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ ചിലത് വൈകിയോടുന്നു. ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി, ചണ്ടിഗർ-തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി, യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് ഉൾപ്പടെ അഞ്ച് ട്രെയിനുകളാണ് ഇന്ന് വൈകിയോടുന്നത്. ചണ്ടിഗർ-തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി എക്സ്പ്രസ് നിലവിൽ രണ്ട് മണിക്കൂർ വൈകിയോടുന്നു.

രാവിലെ 6.05ന് തൃശൂരിൽ എത്തേണ്ട സമ്പർക്കക്രാന്തി എട്ടുമണിക്ക് ശേഷമാണ് എത്തിച്ചേർന്നത്. മംഗള ലക്ഷദ്വീപ് നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. രാവിലെ ഏഴരയോടെ എറണാകുളത്ത് എത്തേണ്ട ഈ ട്രെയിൻ 10 മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് നിലവിൽ മൂന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 8.10ന് എറണാകുളം നോർത്തിൽ എത്തേണ്ട ഗരീബ് രഥ് ഉച്ചയ്ക്ക് 12 മണിയോടെ മാത്രമായിരിക്കും എത്തിച്ചേരുക. ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് നിലവിൽ രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. 12.20ന് എറണാകുളത്ത് എത്തേണ്ട ഈ ട്രെയിൻ രണ്ട് മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയിൽവേ സൂചിപ്പിക്കുന്നത്.

ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് നിലവിൽ 10 മണിക്കൂറിലേറെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 7.10ന് തിരുവനന്തപുരത്ത് എത്തേണ്ട വിവേക് എക്സ്പ്രസ് നാളെ രാവിലെ അഞ്ച് മണിക്ക് ശേഷമായിരിക്കും എത്തുകയെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.



