KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് ഡിവിഷൻ വിഭജനം ഇന്ന് മുതൽ പ്രാബല്യത്തിൽ

.

പാലക്കാട് ഡിവിഷൻ വിഭജനം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖല മൈസൂരു ഡിവിഷന്റെ ഭാഗമായി. ചരക്ക് വരുമാനത്തിന്റെ 70 ശതമാനം വരുമാനം ഇനി മുതൽ പാലക്കാട് ഡിവിഷന് ഇല്ല. കേരളത്തിലേക്ക് വരാൻ താത്പര്യമുള്ള ജീവനക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വാക്കും പാഴായി.

 

എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ പാലക്കാട് ഡിവിഷനെ വെട്ടിമുറിക്കുന്ന തീരുമാനവുമായി കേന്ദ്ര റയിൽവേ മന്ത്രാലയം മുന്നോട്ട്. നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം ഒക്ടോബർ ഒന്ന് മുതൽ മംഗളൂരു മേഖല പാലക്കാട് ഡിവിഷന്റെ ഭാഗമല്ലാതായി. ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മംഗളൂരു മേഖല മാറി. ഇതിനുള്ള ധാരണപത്രം പാലക്കാട് – മൈസൂരു ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ പരസ്പരം കൈമാറി.

 

മംഗളൂരു മേഖലയിലെ ട്രെയിൻ ഗതാഗതമുടക്കമുള്ളവ മൈസൂരു ഡിവിഷൻ നിയന്ത്രിക്കും. പാലക്കാട് ഡിവിഷന്റെ ചരക്ക് വരുമാനത്തിന്റെ 70 ശതമാനം മൈസൂരു ഡിവിഷന്റേതായി. ഡിവിഷന്റെ ഭാഗമായി കേരളത്തിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക് ഇനി ദക്ഷിണ പശ്ചിമ സോണിന് കീഴിലായി കേരളത്തിന് പുറത്ത് പോകേണ്ടി വരും. വിവിധ റെയിൽവേ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്ന് പ്രത്യേക ഓപ്ഷൻ നൽകി കേരളത്തിൽ തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷെ പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതോടെ പല തസ്തികകളും ഇല്ലാതായി.

 

കമേഷ്യസ്യൽ, മെക്കാനിക്കൽ, ഓപ്പറേഷൻ വിഭാഗത്തിലെ തസ്തികളിലാണ് വലിയ കുറവ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പലർക്കും കേരളത്തിന് പുറത്ത് തസ്തികൾ ഉള്ള വിദൂര സ്ഥലങ്ങളിൽ ജോലിയ്ക്കായി പോകേണ്ടി വരും. രാജ്യത്ത് ഏറ്റവും വരുമാനം കുറഞ്ഞ ഡിവിഷനായി പാലക്കാട് മാറുമെന്ന ആശങ്ക ഇടതുപക്ഷ ജനപ്രതിനിധികൾ ഉന്നയിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞാൽ ഡിവിഷൻ തന്നെ ഇല്ലാതാക്കാൻ കേന്ദ്ര റയിൽവേ മന്ത്രാലയത്തിന് വേഗത്തിൽ സാധിക്കും.

 

Share news