KOYILANDY DIARY

The Perfect News Portal

മഞ്ചേരിയിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി പരിസരം,  ചന്തക്കുന്ന് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ച് പരിശോധനാ ഫലം പുറത്തു വന്നു. പൂക്കോട് വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 25നും 26നുമാണ് നായ ആളുകളെ കടിച്ചത്. 26 നു വൈകിട്ട് നായയെ മെഡിക്കൽ കോളജ് ക്യാംപസ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് മുനിസിപ്പൽ ആരോഗ്യ വകുപ്പ് അധികൃതർ നായയുടെ ജഡം ശീതീകരിച്ച പെട്ടിയിൽ വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ചു പോസ്റ്റ്മോർട്ടം, ഫ്ലൂറസൻ്റ് ആൻ്റിബോഡി ടെസ്റ്റ് എന്നിവ നടത്തി.

മെഡിക്കൽ കോളജ് പരിസരത്ത് മുപ്പതോളം തെരുവുനായ്ക്കൾ ഉണ്ട്. നായ മറ്റു തെരുവുനായ്ക്കളെ കടിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. 550 വിദ്യാർഥികൾ, 250 ഡോക്ടർമാർ, മറ്റ് ജീവനക്കാർ, ആയിരത്തിലേറെ രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങിയവരുടെ ജീവനു ഭീഷണിയാകുന്ന നായ്ക്കളെ ഇവയെ മാറ്റി പാർപ്പിക്കണമെന്ന് കോളജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വൈസ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറഞ്ഞു. കടിയേറ്റവർ അന്നു തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു വാക്സിനേഷൻ നടത്തിയതിനാൽ ആശങ്കപ്പെടാനില്ലെന്ന് അരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Advertisements

ഡോക്ടർമാരും വിദ്യാർഥികളും പേവിഷബാധ ഏൽക്കാതിരിക്കാൻ പ്രീ എക്സ്പോഷർ വാക്സീൻ സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ അതിലേറെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിൽ വരുന്നതിനാൽ ഇത്രയും പേർ വാക്സീൻ എടുത്താൽ വാക്സീൻ ക്ഷാമവും നേരിടും. അതിനാൽ നിർദേശം നടപ്പാക്കാൻ കഴിയാത്ത നിലയിലാണ്. പ്രശ്നം ചർച്ച ചെയ്യാൻ വകുപ്പ്  മേധാവികളുടെ യോഗം ഇന്ന് ചേരും.