KOYILANDY DIARY

The Perfect News Portal

അയ്യപ്പ ഭക്തർക്ക് ഇടത്താവളം: പിഷാരികാവ് ദേവസ്വത്തിന് ഇരട്ടത്താപ്പ്. ഭക്ഷണ വിതരണം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പോഷകസംഘടയ്ക്ക്

പിഷാരികാവിൽ അയ്യപ്പ ഭക്തർക്കുള്ള ഭക്ഷണ വിതരണം പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പോഷകസംഘടയ്ക്ക്. ദേവസ്വം ബോർഡിന് ഇരട്ടത്താപ്പ്.. ഭക്ത ജനങ്ങൾക്ക് പ്രതിഷേധം.. കൊയിലാണ്ടി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുന്ന കാര്യത്തിൽ കൊല്ലം പിഷാരികാവ് ദേവസ്വം ബോർഡിന് ഇരട്ടത്താപ്പ്. വർഷങ്ങളായി തുടർന്ന് വരുന്ന പതിവ് തെറ്റിച്ച് കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ അയ്യപ്പസേവാ കേന്ദ്രത്തിൽ ഇത്തവണ സ്വാമിമാർക്കുള്ള ഇടത്താവളത്തിൽ ഭക്ഷണമൊരുക്കുന്ന കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് ബോർഡ് കാണിക്കുന്നത്. കഴിഞ്ഞ ബോർഡ് യോഗത്തിലാണ് ഭക്ഷണ വിതരണം ദേവസ്വം ബോർഡ് ഏറ്റെടുക്കാതെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയുടെ കൈകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇത് വൻ ഗൂഡാലോചനയുടെ ഭാഗമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരുവിഭാഗം ആളുകൾ പറയുന്നു.
ദേശീയ പാതയില്‍ കൊല്ലം ചിറക്ക് സമീപം ഷെഡ്ഡ് കെട്ടി താമസിക്കാനുള്ള സൌകര്യം മാത്രമാണ് അയ്യപ്പ ഭക്തർക്ക് ഏർപ്പാട് ചെയ്യുന്നത്. ഭക്ഷണത്തിനായി ഭക്തരെ ക്ഷേത്രത്തിനുള്ളിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമെന്ന വ്യാജേന ഒരു രാഷ്ട്രീയ പാർട്ടിയുടെ സന്നദ്ധ സംഘടനയുടെ ഭക്ഷണ പന്തലിലെത്തിക്കാനുള്ള തീവ്ര ശ്രമമാണ് ചില ജീവനക്കാരുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നു വരുന്നത്. അതിനായി ക്ഷേത്ര ചിറ്റനടുത്തുള്ള സ്ഥലത്ത് പന്തൽ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.
Advertisements
ദേവസ്വത്തിന് ഒരു നായാപൈസയുടെയും ചിലവില്ലാതെയാണ് ഒരോ വർഷവും അയ്യപ്പസേവാ കേന്ദ്രം നടത്തിക്കൊണ്ടുപോകുന്നത്. ഭക്തരിൽ നിന്നും കിട്ടുന്ന സംഭാവനയും സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓരോ ദിവസത്തെ ഭക്ഷണത്തിനായുള്ള ചിലവുകൾ സംഭാവനയായി കിട്ടുന്നുണ്ട്. അതിന് പ്രത്യേകം റസീറ്റ് കൊടുക്കാറുമുണ്ട്. കൂടാതെ കഞ്ഞിക്കും ചോറിനും ആവശ്യമായ അരിയും, പഴം പച്ചക്കറികളും ഉൾപ്പെടെയുള്ള സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയും പതിവാണ്. ഇങ്ങനെയാണ് അയ്യപ്പ സേവാകേന്ദ്രം സാധാരണയായി നടത്തിക്കൊണ്ടുപോകാറുണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ എടുത്ത് ഈ തീരുമാനം ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷകസംഘടനയ്ക്ക് ക്ഷേത്രത്തിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. തീരുമനാനത്തിനെതിരെ വരും ദിവസങ്ങളിൽ കടുത്ത പ്രതിഷേധം അറിയിക്കുമെന്നും ഇവർ പറയുന്നു. ദേവസ്വം ബോർഡ് അധികൃതരുമായി കൊയിലാണ്ടി ഡയറിയുടെ റിപ്പോർട്ടർ ബന്ധപ്പെട്ടപ്പോൾ കടുത്ത സാമ്പത്തിക പ്രയാസംകാരണമാണ് ഇത്തവണ അത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്നാണ് പറയുന്നത്.
എന്നാൽ വിവിധ ബാങ്കുകളിലായി 18 കോടിയിലധികം നിക്ഷേപമുള്ള ക്ഷേത്രത്തിന് എങ്ങനെയാണ് സാമ്പത്തിക പ്രയാസം ഉണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. കൂടാത്തതിന് പതിനായിരക്കണക്കിന് രൂപ നടവരവുള്ള മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഇവിടെ സാമ്പത്തിക പ്രയാസം എന്ന് പറഞ്ഞ് ചില തൽപ്പരകക്ഷികളുടെ താൽപ്പര്യം സംരക്ഷിക്കാനും ചില സംഘടനകൾക്ക് സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമവുമാണ് നടക്കുന്നതെന്നാണ് ആരോപണം.