KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ 21 കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ 21 കാരന് ദാരുണാന്ത്യം. ചെറുപുഴ രാജഗിരിയില്‍ വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. എബിൻ്റെ നെഞ്ചിൽ ആന ചവിട്ടി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ രക്തം ഛര്‍ദിച്ച നിലയില്‍ അവശനായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഹോട്ടൽ മാനേജ്മെൻ്റ്  വിദ്യാർഥിയാണ് എബിൻ. വാഴക്കുണ്ടത്തെ കാട്ടാത്ത് ഷാജുവിൻ്റെയും സജിനിയുടേയും മകനാണ്. സഹോദരൻ: ബിബിൻ.