KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്നുകളുമായി മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കല്‍പ്പറ്റ: മയക്കുമരുന്നുകളുമായി മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29), മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ വൈത്തിരി ചേലക്കാട്ടില്‍ കെ.പി. ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു പേരെ പിടികൂടിയത്.

മുട്ടില്‍ ടൗണില്‍ നിന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ടു പേര്‍ വ്യത്യസ്ത കേസുകളിലായി പിടിയിലായത്. ബൈക്കില്‍ മയക്കു മരുന്ന് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 20 നൈട്രസെപാം ഗുളികകളും 208 സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ഗുളികകളും പിടികൂടി.

ഫൈസലില്‍ നിന്നും 70 നൈട്രസ്പാം ഗുളികകളാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമാക്കിയാണ് ഇരുവരും മാരകമായ മയക്കുമരുന്ന് ഗുളികകള്‍ വില്പന നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കല്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. ടോമി, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. വിജയന്‍, കെ. രമേഷ്, എം.സി. ഷിജു, കെ. മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.വി. ഏലിയാസ്, വീരാന്‍ കോയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!