KOYILANDY DIARY

The Perfect News Portal

വനിതാസംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം > ലോക വനിതാദിനത്തോടനുബന്ധിച്ച്‌ കേരള സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥി യൂണിയന്‍ ‘തിര ക്കഥ’ എന്ന പേരില്‍ വനിതാസംഗമം സംഘടിപ്പിച്ചു. കടലാണെടീ, തിരയാണെടീ, ഇരുളാണെടീ എന്ന മുദ്രാവാക്യവുമായി നാട്ടുനടപ്പുകളോട് സര്‍ഗാത്മകമായി കലഹിച്ചുകൊണ്ടാണ് ഗവേഷക യൂണിയന്‍ ഇക്കൊല്ലത്തെ വനിതാദിനം ആഘോഷിച്ചത്. രാത്രി ശംഖുമുഖം കടപ്പുറത്ത് വെച്ച്‌ ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് റാന്തല്‍ തെളിയിച്ചുകൊണ്ട് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. രാത്രികള്‍ ആണിടങ്ങളാകുന്ന സമൂഹത്തില്‍ രാത്രിയും, രാത്രികളുടെ ബദലുകളില്ലാത്ത സ്വാതന്ത്ര്യ അനുഭൂതികളും പെണ്ണിനും അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടോടുകൂടിയാണ് ഗവേഷക യൂണിയന്‍ കാര്യവട്ടം കാമ്ബസിലെ പെണ്‍കുട്ടികള്‍ക്കായി ശംഖുമുഖത്തേക്ക് രാത്രി യാത്രയും വനിതാസംഗമവും സംഘടിപ്പിച്ചത്.

കേരള പൊലീസിന്റെ വനിതാ സെല്‍ഫ് ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വിവിധ ആക്രമണങ്ങളെ നേരിടുന്നതിന് സ്വീകരിക്കാവുന്ന സ്വയംപ്രതിരോധ അടവുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി അവതരിപ്പിച്ചു. തുടര്‍ന്ന് എം.എസ്.ഡബ്ല്യൂ. വിഭാഗം വിദ്യാര്‍ത്ഥിനികള്‍ നാടകം അവതരിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനികളും അധ്യാപകരും മന്ത്രിയുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു.

Advertisements

ഇരുനൂറോളം വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ആര്‍.ജയചന്ദ്രന്‍ അധ്യാപകരായ ഡോ.മീന ടി.പിള്ള, ഡോ.സീമാ ജെറോം, ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ.ബുഷ്റാബീഗം, ഡോ.ഇന്ദു കെ.വി, ഡോ.റോസ്മേരി, ഡോ.എസ്.നസീബ്, ഡോ.എ.കെ.അമ്ബോറ്റി, ഡോ.എ.ബിജുകുമാര്‍, ഡോ.ആര്‍.ബി.ബിനോജ് കുമാര്‍, സിന്‍ഡിക്കേറ്റ് മെമ്ബര്‍ അഡ്വ.എ.എ.റഹീം, സെനറ്റ് മെമ്ബര്‍ എസ്.നജീബ്, ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗവേഷക യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ലക്ഷ്മി പ്രഭയുടെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങിന് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു കെ.പി. സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി പി.മനേഷ് കൗണ്‍സിലര്‍ ജോണ്‍വില്യംസ് നേതൃത്വം നല്‍കി.

കാര്യവട്ടം കാമ്ബസില്‍ നിന്നും ശംഖുമുഖം കടപ്പുറത്തേക്ക് നടത്തിയ രാത്രിയാത്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ആര്‍.ജയചന്ദ്രന്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. തിരകളില്‍ പതറാതെ, തീരങ്ങളിലൊതുങ്ങാതെ, ഉറക്കെ ചിരിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തും, അതിരുകളില്ലാതെ സംവദിച്ചും വിദ്യാര്‍ത്ഥികള്‍ വനിതാദിനം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *