KOYILANDY DIARY.COM

The Perfect News Portal

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ഡ് കൗണ്‍സിലര്‍ അറസ്റ്റില്‍

മലപ്പുറം: പത്തു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടന്‍ (60) നെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംലീഗിന്റെ വാര്‍ഡ് കൗണ്‍സിലാണ് കുട്ടന്‍.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗൂഡല്ലൂരിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ റിയാസ് ചാക്കീരിയും പ്രത്യേക അനേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശ്രീകുമാര്‍ എന്നിവരും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി എട്ടു മണിയോടെ മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.ബന്ധുവും മാനസിക വെല്ലുവിളി നേരിടുന്നതുമായ ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പരാതി നല്‍കിയ വിവരമറിഞ്ഞ് ഒരാഴ്ച മുമ്പാണ് ഇയാള്‍ ഒളിവില്‍ പോയത്. എടവണ്ണ ബന്ധു വീട്ടില്‍ രണ്ടു ദിവസം താമസിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു.

മഞ്ചേരി നഗര സഭ 12ാം വാര്‍ഡ് മംഗലശ്ശേരിയില്‍ നിന്ന് മുസ്ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച കുട്ടനെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കുട്ടനെ ഭരണപക്ഷത്തെ ചിലര്‍ ഒളിപ്പിച്ചിരിക്കയാണെന്നാരോപിച്ച്‌ പ്രതിപക്ഷം ഇക്കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചിരുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടി ‘ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!