മുഖത്തെ ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത അസ്ഥിക്കഷണങ്ങൾ ഉപയോഗിച്ച് കമ്മൽ നിർമിച്ച് അമേരിക്കൻ യുവതി
.
മുഖത്തെ ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത അസ്ഥിക്കഷണങ്ങൾ ഉപയോഗിച്ച് കമ്മൽ നിർമിച്ച് അമേരിക്കൻ യുവതി. ഈ വർഷം ആദ്യം നടന്ന ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്ത അസ്ഥിയുടെ ചെറിയ ഭാഗങ്ങൾ സർജന്റെ അനുമതിയോടെ കൈവശം സൂക്ഷിച്ച ഓബ്രി, അവ മനോഹരമായ ആഭരണങ്ങളാക്കി മാറ്റുകയായിരുന്നു. 40 വയസിന് മുകളിൽ പ്രായമുളള ഓബ്രി, തൻ്റെ ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ലിംഗമാറ്റ യാത്രയുടെ ഭാഗമായി മുഖ സ്ത്രീവൽക്കരണ ശസ്ത്രക്രിയയ്ക്കും ഓബ്രി വിധേയയായി. മുഖത്തെ അസ്ഥികളിലും മൃദുകോശങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നത്. മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നീക്കം ചെയ്യുന്ന അസ്ഥിയുടെ ചെറിയ കഷണങ്ങൾ തനിക്ക് തിരികെ നൽകണമെന്ന് ഓബ്രി ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർമാർ ഇതിന് സമ്മതിക്കുകയും ചെയ്തു.

തന്റെ ജീവിത യാത്രയുടെയും അതിജീവനത്തിന്റെയും പ്രതീകമായാണ് ഈ കമ്മലുകളെ കാണുന്നതെന്ന് ഓബ്രി പറഞ്ഞു. വെള്ള സ്വർണത്തിൽ സിർക്കോണിയ കല്ലുകൾ പതിപ്പിച്ച കമ്മലുകളിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലാണ് അസ്ഥിക്കഷണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്. ഓബ്രിയുടെ ഈ വേറിട്ട കമ്മലുകളെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.




