KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ പ്രശംസിച്ച് ആഫ്രിക്കൻ കണ്ടൻ്റ് ക്രിയേറ്റർ

.

കേരളത്തിന്റെ പ്രകൃതിഭംഗിയും സംസ്കാരവും ജീവിത സൗകര്യങ്ങളും പ്രശംസിച്ച് ആഫ്രിക്കൻ കണ്ടന്റ് ക്രിയേറ്റർ. ഇന്ത്യ ഇതുവരെ സന്ദർശിച്ചിട്ടില്ലെങ്കിലും കേരളത്തെക്കുറിച്ച് വിശദമായി പഠിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കിങ് ചിദേര എന്ന കണ്ടന്റ് ക്രിയേറ്റർ. ‘ഇതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം. അത് മുംബൈ അല്ല, അത് ഡൽഹി അല്ല. കേരളമാണ് അത്. ദൈവത്തിന്റെ സ്വന്തം നാട് എന്നും ഇത് അറിയപ്പെടുന്നു.’ എന്ന വാക്കുകളോടെയാണ് ചിദേരയുടെ വീഡിയോ ആരംഭിക്കുന്നത്.

 

ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലും കേരളത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ കണ്ടതോടെയാണ് സംസ്ഥാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം തോന്നിയതെന്ന് ചിദേര പറയുന്നു. കേരളത്തെക്കുറിച്ച് സ്വന്തമായി നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതൊരു പ്രൊഫഷണൽ വീഡിയോ അല്ലെന്നും ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കേരളത്തിന്റെ പ്രകൃതിഭംഗിയാണ് ചിദേരയെ ആദ്യം ആകർഷിച്ചത്.

 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് അറബിക്കടലിനോട് ചേർന്നുകിടക്കുന്ന കേരളം മനോഹരമായ ബീച്ചുകൾ, പച്ചപ്പ് നിറഞ്ഞ മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, നദികൾ, കായലുകൾ എന്നിവയാൽ സമ്പന്നമാണെന്ന് അദ്ദേഹം പറയുന്നു. പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളം ഏറെ മികച്ചതാണെന്നും വീഡിയോയിൽ ചിദേര പറയുന്നുണ്ട്. ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും ഉയർന്ന ആയുർദൈർഘ്യവും പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂടാതെ, കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും പരമ്പരാഗത കലാരൂപങ്ങളെയും ചിദേര പ്രശംസിക്കുന്നുണ്ട്.

 

പ്രത്യേകിച്ച് കഥകളിയുടെ വേഷവിധാനങ്ങളും അവതരണരീതികളും. അതേപോലെ കേരളത്തിന്റെ മതസൗഹാർദത്തെയും അദ്ദേഹം പ്രശംസിക്കുന്നു. കേരളം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടാണ് ചിദേര വീഡിയോ അവസാനിപ്പിക്കുന്നത്. വൈകാതെ തന്നെ ദൈവത്തിന്റെ സ്വന്തം നാട് നേരിട്ട് കാണാൻ എത്തുമെന്നും അദ്ദേഹം പറയുന്നു. ഇതിനോടകം 1.3 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.

 

Share news